അവനെ എല്ലാ മത്സരങ്ങളിലും ഇറക്കിയാൽ ഇന്ത്യക്ക് ഏഷ്യ കപ്പ് ഉറപ്പ് ; കാരണം ഇതാണ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഭാഗ്യമുള്ള താരമാണ് ഓൾറൗണ്ടർ ദീപക് ഹൂഡ എന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ്, പരിചയസമ്പന്നരായ താരങ്ങളും, 22 – 24 വയസ്സ് പ്രായമുള്ള യുവതാരങ്ങളും ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം കണ്ടെത്താനായി മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ കടുത്ത മത്സരം നടക്കുമ്പോൾ, കഴിഞ്ഞ 10 വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന ഹൂഡക്ക് തന്റെ 27-ാം വയസ്സിൽ ഇന്ത്യൻ ടീമിൽ ഒരു അവസരം ലഭിക്കുകയും, ഹൂഡക്ക് അത് സ്ഥിരപ്പെടുത്താൻ സാധിക്കുകയും ചെയ്തത്.

ഈ വർഷം ആദ്യം നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലാണ് ദീപക് ഹൂഡ ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. പിന്നീട്, ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും കളിച്ച ഹൂഡ, കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശേഷം നടന്ന അയർലൻഡ്, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ പര്യടനങ്ങളിലെല്ലാം ഇന്ത്യൻ ടീമിൽ ഇടം നേടിയ ഹൂഡ, ഈ മാസം അവസാനം ആരംഭിക്കാതിരിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലും സ്ഥാനം കണ്ടെത്തി.

അതേസമയം, തന്റെ ഭാഗ്യം കൊണ്ട് ഒരു റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ദീപക് ഹൂഡ. അതായത് അരങ്ങേറ്റം കുറിച്ച ശേഷം, ദീപക് ഹൂഡ കളിച്ച മത്സരങ്ങളിൽ ഒന്നും തന്നെ ഇന്ത്യൻ ടീം പരാജയപ്പെട്ടിട്ടില്ല. ഇതുവരെ, 9 ഏകദിനങ്ങളും 8 ടി20കളും ഉൾപ്പെടെ 17 അന്താരാഷ്ട്ര മത്സരങ്ങളാണ് ദീപക് ഹൂഡ കളിച്ചിട്ടുള്ളത്. അതിൽ 17 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു എന്നതാണ് യാഥാർത്ഥ്യം. അരങ്ങേറ്റ ശേഷം തുടർച്ചയായി 15 മത്സരങ്ങൾ വിജയിച്ച റൊമാനിയൻ താരം സാത്വിക് നാഡിഗോട്ടിലയുടെ റെക്കോർഡ് നേരത്തെ തന്നെ ദീപക് ഹൂഡ മറികടന്നിരുന്നു.

ഇന്നലത്തെ സിംബാബ്‌വെക്കെതിരെയുള്ള ജയത്തോടെ തന്റെ വിജയക്കുതിപ്പ് 17 ആയി ഉയർത്തിയിരിക്കുകയാണ് ദീപക് ഹൂഡ. ഇതോടെ, ഏഷ്യ കപ്പിലെ എല്ലാ മത്സരങ്ങളിലും ദീപക് ഹൂഡയെ ഇറക്കണം എന്നും അതുവഴി ഇന്ത്യയ്ക്ക് അനായാസം ഏഷ്യ കപ്പ് നേടാമെന്നുമാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

Rate this post