സഞ്ജുവിന്റെ ടീമിന്റെ വമ്പൻ തിരിച്ചടി 😱😱സൂപ്പർ താരം നാട്ടിലേക്ക്

സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് 11 കളികളിൽ നിന്ന് 7 ജയവുമായി 14 പോയിന്റോടെ പ്ലേഓഫിന്റെ വക്കിലെത്തി നിൽക്കുകയാണ്. അതിനിടെയാണ് രാജസ്ഥാൻ ആരാധകരെ ആശങ്കയിലാക്കുന്ന വാർത്ത ഫ്രാഞ്ചൈസി പുറത്തുവിട്ടത്. ടൂർണമെന്റിൽ മികച്ച ഫോമിലുള്ള, രാജസ്ഥാൻ റോയൽസിന്റെ ഫിനിഷറുടെ റോൾ കൈകാര്യം ചെയ്യുന്ന വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷിംറോൻ ഹെറ്റ്മയർ ഐപിഎൽ ബയോ ബബിൾ വിട്ട് അദ്ദേഹത്തിന്റെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

ശനിയാഴ്ച്ച (മെയ്‌ 7) വൈകീട്ട് നടന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്ന ഹെറ്റ്മയർ, ഇന്ന് (മെയ്‌ 8) പുലർച്ചയോടെയാണ്‌ തന്റെ ജന്മനാടായ ഗുയാനയിലേക്ക് തിരിച്ചത്. രാജസ്ഥാൻ താരങ്ങളായ വാൻഡർ ഡുസൻ, ജിമ്മി നീഷം, യുസ്വേന്ദ്ര ചഹൽ തുടങ്ങിയവർ ഹെറ്റ്മയറെ യാത്രയയക്കുന്ന വീഡിയോ ആണ് രാജസ്ഥാൻ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിരിക്കുന്നത്.തന്റെ ആദ്യ കുഞ്ഞിന്റെ ജന്മ സമയത്ത് ഭാര്യയോടൊപ്പം സമയം ചെലവഴിക്കാനാണ് ഹെറ്റ്മയർ നാട്ടിലേക്ക് മടങ്ങുന്നത്.

രാജസ്ഥാൻ തന്നെയാണ് ഇക്കാര്യം വീഡിയോക്കൊപ്പം അറിയിച്ചത്. എന്നാൽ താൻ ഉടനെ തിരിച്ചെത്തുമെന്ന് ഹെറ്റ്മയർ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. “എന്റെ സാധനങ്ങൾ ഇവിടെ റൂമിൽ തന്നെ ഇരിക്കുന്നുണ്ട്. എന്നെ നിങ്ങൾ അധികനാൾ മിസ് ചെയ്യില്ല. ഞ്ഞാൻ ഉടനെ തിരിച്ചെത്തും,” ഹെറ്റ്മയർ വീഡിയോയിൽ ആരാധകരോടായി പറഞ്ഞു.

8.5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വിൻഡീസ് താരത്തെ ഐപിഎൽ താരലേലത്തിൽ സ്വന്തമാക്കിയത്. മത്സരങ്ങൾ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള കഴിവും, അവസാന ഓവറുകളിൽ കുറഞ്ഞ ബോളിൽ കൂടുതൽ റൺസ് കണ്ടെത്താനുള്ള കഴിവുമാണ് ഹെറ്റ്മയറുടെ പ്രത്യേകത. 11 കളികളിൽ നിന്ന് 291 റൺസാണ് ഹെറ്റ്മയറുടെ സമ്പാദ്യം. ഡൽഹി ക്യാപിറ്റൽസാണ് രാജസ്ഥാൻ റോയൽസിയിന്റെ അടുത്ത എതിരാളികൾ. മെയ്‌ 11-നാണ് മത്സരം.