ആ ഇതിഹാസം പടിയിറങ്ങി!! വിരമിക്കൽ പ്രഖ്യാപനം സർപ്രൈസാക്കി താരം

ലോകക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ഇതിഹാസം ഹഷിം അംല എല്ലാത്തരം ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ 2022ലെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറീ ടീമിന്റെ അംഗമായിരുന്നു ഈ സ്റ്റാർ ബാറ്റർ. 39കാരനായ അംല ദക്ഷിണാഫ്രിക്കയ്ക്കും ആഭ്യന്തര ടീമുകൾക്കുമായി വമ്പൻ റെക്കോർഡ് തന്നെയാണ് തന്റെ പേരിൽ ചേർത്തിരിക്കുന്നത്. എല്ലാത്തരം ക്രിക്കറ്റിൽ നിന്നുമായി അംല 34,104 റൺസാണ് നേടിയിട്ടുള്ളത്.

തന്റെ കരിയറിൽ 124 ടെസ്റ്റ് മത്സരങ്ങളാണ് അംല കളിച്ചത്. 2004 മുതൽ 2019 വരെയായിരുന്നു അംല ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റ് കളിച്ചത്. ഇതിൽനിന്നായി 9282 റൺസ് അംല നേടുകയുണ്ടായി. കരിയറിൽ 28 ടെസ്റ്റ് സെഞ്ച്വറികളാണ് അംല പേരിൽ ചേർത്തത്. ഇംഗ്ലണ്ടിനെതിരെ 2012ൽ നേടിയ 311 നോട്ടൗട്ട് ആണ് ടെസ്റ്റിലെ അംലയുടെ മികച്ച സ്കോർ.

കരിയറിൽ 181 അന്താരാഷ്ട്ര ഏകദിനങ്ങളിൽ നിന്നായി 27 സെഞ്ച്വറികളടക്കം 8113 റൺസും അംല നേടുകയുണ്ടായി. ഒപ്പം 44 ട്വന്റി20കളിൽ നിന്ന് 1277 റൺസും ഈ സ്റ്റാർ ബാറ്റർ നേടി. നിലവിൽ ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 ലീഗിൽ MI കേപ്ടൌൺ ടീമിന്റെ ബാറ്റിംഗ് കോച്ചായും അംല പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം ദക്ഷിണാഫ്രിക്കയുടെ പുതിയ പരിശീലനഘടന പ്രകാരം, ടീമിന്റെ ബാറ്റിംഗ് കോച്ചാകാനും അംല ശ്രമിക്കുന്നുണ്ട്.

2019ലെ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ക്യാമ്പയിന് ശേഷമായിരുന്നു അംല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ശേഷം കൗണ്ടി ക്രിക്കറ്റിൽ സറീ ടീമിനൊപ്പം ചേർന്നു. ഇതിന് പുറമേ ഐപിഎല്ലിൽ പഞ്ചാബ്, ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ലീഗിൽ ഡോൾഫിൻസ്, കേപ്പ് കോബ്രസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും അംല കളിച്ചു.

Rate this post