10 കോടിയുടെ പണിയെടുത്ത് ഹസരംഗ ; കെകെആറിന്റെ നടുവൊടിച്ച് ശ്രീലങ്കൻ സ്പിന്നർ

മുംബൈയിലെ ഡോ ഡി വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ പുരോഗമിക്കുന്ന ഐ‌പി‌എൽ 2022-ലെ ആറാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 18.5 ഓവറിൽ 128 റൺസിന് ഓൾഔട്ട്‌ ആക്കുകയായിരുന്നു ആർസിബി ബൗളർമാർ. ആർസിബിക്ക് വേണ്ടി 4 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരംഗയാണ്‌ കെകെആർ ബാറ്റിംഗ് തകർച്ചക്ക് ആക്കം കൂട്ടിയത്.

ഇന്നിംഗ്സിലെ നാലാം ഓവറിൽ കെകെആർ ഓപ്പണർ വെങ്കിട്ടേഷ് അയ്യരെ (10) പുറത്താക്കി ആകാശ് ദീപ് ആണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തുടർന്ന്, മുഹമ്മദ്‌ സിറാജും ആകാശ് ദീപും ഓരോ വിക്കറ്റ് കൂടി വീഴ്ത്തി കെകെആറിനെ 44/3 എന്ന നിലയിലാക്കി. അവിടെ നിന്നാണ് ആർസിബിയുടെ ശ്രീലങ്കൻ സ്പിന്നർ വിക്കറ്റ് വേട്ട ഒറ്റയ്ക്ക് ഏറ്റെടുത്തത്.

കെകെആർ നായകൻ ശ്രേയസ് അയ്യരിനെ (13) ആർസിബി നായകൻ ഫാഫ് ഡ്യൂപ്ലസിസിന്റെ കൈകളിൽ എത്തിച്ചാണ് ഹസരംഗ വിക്കറ്റ് വേട്ടക്ക് രാജകീയമായി തുടക്കമിട്ടത്. തുടർന്ന്, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഹസരംഗ കെകെആറിനെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു. ഇന്നിംഗ്സിലെ 9-ാം ഓവർ എറിയാനെത്തിയ ഹസരംഗ കെകെആർ ബാറ്റർ സുനിൽ നരൈനെ (12) ഫീൽഡർ ആകാശ് ദീപിന്റെ കൈകളിൽ എത്തിച്ച് തന്റെ രണ്ടാം വിക്കറ്റ് നേട്ടം കൈവരിച്ചു.

സുനിൽ നരൈനെ പുറത്താക്കിയ തൊട്ടടുത്ത പന്തിൽ, കെകെആർ വിക്കറ്റ് കീപ്പർ ബാറ്റർ ഷെൽട്ടൻ ജാക്സണെ (0) ഗോൾഡൻ ഡക്കിന് ക്ലീൻ ബൗൾഡ് ചെയ്ത് ഹസരംഗ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി. ശേഷം തന്റെ അവസാന ഓവർ എറിയാനെത്തിയ ശ്രീലങ്കൻ സ്പിന്നർ, ടിം സൗത്തിയെ (1) മടക്കി തന്റെ കോട്ട പൂർത്തീകരിച്ചു. 4 ഓവർ ബോൾ ചെയ്ത ഹസരംഗ 5.00 ഇക്കോണമി റേറ്റിൽ 20 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി.