പതിനാലാം വയസ്സിൽ അരങ്ങേറ്റം 😱ഐസിസിയുടെ നിയമം :തകർക്കാൻ കഴിയാത്ത നേട്ടത്തിൽ അസ്തമിച്ച താരം

1982 മാർച്ച് 11 ന് ജനനം, 1996 ഒക്ടോബർ 24 ന് പാകിസ്ഥാൻ ദേശീയ ടീമിൽ അരങ്ങേറ്റം. സംശയിക്കേണ്ട, കൗമാര ക്രിക്കറ്റിൽ അല്ല, പാകിസ്ഥാന്റെ സീനിയർ ടീമിൽ തന്നെ. കൗതുകകരമായി തോന്നുമെങ്കിലും, 14-ാം വയസ്സിൽ പാകിസ്ഥാൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ഹസൻ റാസ, ദേശീയ ടീമിൽ ഇന്നുവരെ അരങ്ങേറ്റം കുറിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 15 വയസ്സിന് താഴെയുള്ള ഒരു ക്രിക്കറ്റ് താരത്തിന്, ഇനി മുതൽ അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ കഴിയില്ലെന്ന നിയമം 2020-ൽ കൊണ്ടുവന്നതോടെ, ഹസൻ റാസയുടെ പേരിലുള്ള അന്താരാഷ്ട്ര റെക്കോർഡ് തകർക്കാൻ ഇനി ആർക്കും തന്നെ കഴിയില്ല എന്നതും ഒരു വസ്തുതയാണ്.

സ്‌കൂൾ ക്രിക്കറ്റിൽ ശ്രദ്ധേയനായ റാസ, ആദ്യം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 1996-97 ലെ ഫസ്റ്റ് ക്ലാസ് സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 43.40 ശരാശരിയിൽ 217 റൺസ് നേടിയ കൗമാരക്കാരനായ ഹസൻ റാസ, 1996-ൽ സിംബാബ്‌വെയ്‌ക്കെതിരെ ഫൈസലാബാദിൽ പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ടെസ്റ്റ്‌ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. 15 വയസ്സ് തികയുന്നതിന് 137 ദിവസങ്ങൾ ഭാക്കി നിൽക്കെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച റാസ, പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഷ്താഖ് മുഹമ്മദിന്റെ റെക്കോർഡാണ് തകർത്തത്.

എന്നാൽ, ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ വലിയ ഇംപാക്റ്റ് ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ട റാസ, 1996 ഒക്ടോബർ 30-ന് സിംബാബ്‌വെയ്‌ക്കെതിരെ തന്റെ ഏകദിന അരങ്ങേറ്റവും കുറിച്ചു. എന്നാൽ, വലംകയ്യൻ ബാറ്റർക്ക്‌ പ്രതീക്ഷിച്ച രീതിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്ഥിരത കണ്ടെത്താനായില്ല. പിന്നീട്, മാസങ്ങൾ നീണ്ട ഇടവേളകൾക്ക് ശേഷം, ദേശീയ ടീമിൽ എത്തുന്ന ഒരു അഥിതി താരമായി റാസ. ഒടുവിൽ, തന്റെ 23-ാം വയസ്സിൽ, 2005ൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മത്സരത്തിൽ അർധസെഞ്ചുറി നേടിയ റാസയെ, പിന്നീട് ഒരിക്കലും പാകിസ്ഥാൻ കുപ്പായത്തിൽ കണ്ടില്ല.

അതോടെ, ഏഴ് ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും യഥാക്രമം 235, 242 റൺസ് നേടി ഹസൻ റാസ, അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും കുട്ടി ക്രിക്കറ്ററായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മറഞ്ഞു പോയി. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് ഒരുപാട് ശ്രമിച്ചുവെങ്കിലും, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ 2005-ൽ പാകിസ്ഥാൻ എ ടീമിലേക്ക് പരിഗണിച്ചു. തുടർന്ന്, പാകിസ്ഥാൻ എ ടീമിന്റെ ക്യാപ്റ്റനാവുകയും, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തുവെങ്കിലും, പാകിസ്ഥാൻ ടീമിലേക്ക് ഒരു തിരിച്ചു വരവുണ്ടായില്ല. ഒടുവിൽ, 2018-ൽ മാച്ച് ഫിക്സിംഗ് വിവാദത്തിൽ ഉൾപ്പെട്ട റാസ, പാകിസ്ഥാൻ എ ടീമിൽ നിന്നും പുറത്തായി.