അപ്പീൽ അമ്പയർ അനുവദിച്ചില്ല ; ഒടുവിൽ അമ്പയറുടെ വിരൽ ബലമായി പിടിച്ചുയർത്താൻ ശ്രമിച്ച് ബൗളർ

വിക്കറ്റുകൾക്കായി പ്രത്യേകിച്ച് എൽബിഡബ്ല്യു വിക്കറ്റുകൾക്കായി അമ്പയർമാരോട് ബൗളർമാർ അപ്പീൽ ചെയ്യുന്ന കാഴ്ച്ച ഓരോ ബൗളർക്കും അനുസരിച്ച് വ്യത്യസ്തമാണ്. ചില ബൗളർമാർ വളരെ ആത്മവിശ്വാസത്തിൽ അപ്പീൽ ചെയ്തിട്ടും, അമ്പയർ വിക്കറ്റ് നൽകാതെ വരുമ്പോൾ, ബൗളർമാർ അഗ്രസീവ് ആയി മാറാറുണ്ട്. എന്നാൽ, മറ്റു ചിലർ അമ്പയറുടെ തീരുമാനത്തിനെതിരെ രസകരമായും പ്രതികരിക്കാറുണ്ട്. അത്തരമൊരു പ്രതികരണമാണ്, ഒരു പരിശീലന മത്സരത്തിൽ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹസൻ അലിയുടെ ഭാഗത്ത് നിന്നുണ്ടായത്.

അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി, പരമ്പരക്കുള്ള പാകിസ്ഥാൻ ടീമിലെ അംഗങ്ങൾ തന്നെ രണ്ട് ടീമായി തിരിഞ്ഞ് നടന്ന സന്നാഹ മത്സരത്തിനിടയിലാണ് ഹസൻ അലിയുടെ ഭാഗത്ത്‌ നിന്ന് രസകരമായ ഒരു പ്രവൃത്തി അരങ്ങേറിയത്. ഹസൻ അലിയുടെ ബോൾ, പാകിസ്ഥാൻ ടീമിലെ അരങ്ങേറ്റക്കാരനായ സൽമാൻ അലി അഗയുടെ പാഡിൽ തട്ടിയതിനെ തുടർന്ന്, ഹസൻ അലി എൽബിഡബ്ല്യു അപ്പീൽ ചെയ്യുകയായിരുന്നു.

എന്നാൽ, ഹസൻ അലിയുടെ അപ്പീൽ ഓൺ-ഫീൽഡ് അമ്പയർ അനുവദിച്ചില്ല. തുടർന്ന്, അമ്പയർക്ക് നേരെ ചെന്ന ഹസൻ അലി, അമ്പയറുടെ വിരൽ ബലമായി ഉയർത്താൻ ശ്രമിക്കുകയായിരുന്നു. ഇത് സഹതാരങ്ങളിൽ ചിരി പടർത്തി. 2021-ലെ മികച്ച ടെസ്റ്റ്‌ താരമായി തിരഞ്ഞെടുത്ത ഹസൻ അലി, നിലവിൽ മോശം ഫോമിലാണ്. വരുന്ന, ശ്രീലങ്കൻ പര്യടനത്തിൽ താരം ഫോമിലേക്ക് മടങ്ങിയെത്തും എന്നാണ് പാക് ക്രിക്കറ്റ്‌ ബോർഡ് പ്രതീക്ഷിക്കുന്നത്.

ജൂലൈ 16-നും, 24-നുമായി രണ്ട് ടെസ്റ്റ്‌ മത്സരങ്ങളാണ് ശ്രീലങ്കയും പാകിസ്ഥാനും തമ്മിൽ കളിക്കുക. ബാബർ അസം നയിക്കുന്ന ടീമിൽ, മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹ്‌മദ്‌, വെറ്റെറൻ സ്പിന്നർ യാസിർ ഷാ, ഫവാദ് ആലം തുടങ്ങിയ താരങ്ങളെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഹസൻ അലിക്കൊപ്പം ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർ പേസ് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യും.