20 ലക്ഷത്തിൽ നിന്ന് 10 കോടിയിലേക്ക് ; ഐപിഎൽ താരലേലത്തിൽ സ്റ്റാറായി പേസർ

പ്രതീക്ഷിച്ചതുപോലെ, ഐപിഎൽ 2022 താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ഹർഷൽ പട്ടേലിനായി കോടികൾ വാരിയെറിഞ്ഞു. സൺറൈസേഴ്‌സ് ഹൈദരാബാദുമായി നടന്ന വൻ ബിഡ്ഡിംഗ് പോരാട്ടത്തിനൊടുവിൽ പേസ്‌ ബൗളറെ 10.75 കോടിക്ക് രൂപയ്ക്കാണ് ബാംഗ്ലൂർ സ്വന്തം തട്ടകത്തിൽ തിരിച്ചെത്തിച്ചത്.

അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് ഹർഷൽ പട്ടേലിനു വേണ്ടിയുള്ള ലേലം ആരംഭിച്ചത്. ഐ‌പി‌എൽ 2022 ലേലത്തിൽ ഇതുവരെയുള്ളതിൽ ആർ‌സി‌ബിയുടെ ഏറ്റവും ചെലവേറിയ വാങ്ങലാണ് ഹർഷൽ പട്ടേൽ. ഐപിഎൽ 2021 ലെ ഹർഷൽ പട്ടേലിന്റെ പ്രകടനമാണ് താരത്തിന്റെ വില ഉയർത്തിയത്.

15 മത്സരങ്ങളിൽ നിന്ന് 14.34 ശരാശരിയിലും 8.15 ഇക്കോണമി റേറ്റിലും 32 വിക്കറ്റുമായി 2021 ലെ ഐപിഎല്ലിൽ പർപ്പിൾ ക്യാപ് ഹോൾഡറായിരുന്നു ഹർഷൽ പട്ടേൽ. ആർ‌സി‌ബി പ്ലേ ഓഫിലെത്തി സീസൺ പൂർത്തിയാക്കിയപ്പോൾ, അവരുടെ ഏറ്റവും വിജയകരമായ ബൗളറായിരുന്നു ഹർഷൽ പട്ടേൽ.ഡെൽഹി ക്യാപിറ്റൽസ് ട്രേഡ് ഓഫ് ചെയ്തതിന് ശേഷം 2021 ൽ 20 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത്‌ ഫാസ്റ്റ് ബൗളറെ ആർസിബി സ്വന്തമാക്കിയത്.

ഇന്ന് 20 ലക്ഷത്തിൽ നിന്ന് ഹർഷൽ പട്ടേലിന്റെ മൂല്യം 10 കോടിക്ക് മുകളിൽ എത്തിനിൽക്കുമ്പോൾ, അദ്ദേഹം മറ്റൊരു ഗുജറാത്ത്‌ താരത്തെ ഓർമ്മിപ്പിക്കുന്നു. 2018 ഐപിഎൽ താരലേലത്തിൽ ഇന്ത്യയുടെ ഗുജറാത്ത്‌ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ്‌ സ്വന്തമാക്കിയത് 10 ലക്ഷം രൂപയ്ക്കാണ്. ഇന്ന്, ഗുജറാത് ടൈറ്റൻസ് അവരുടെ ക്യാപ്റ്റനായി പാണ്ഡ്യയെ നിലനിർത്തിയിരിക്കുന്നത് 11 കോടി രൂപയ്ക്കാണ്.