ഞാൻ അവനെ ഇന്ത്യക്ക് വേണ്ടി എല്ലാ ടി20 മത്സരങ്ങളിലും കളിപ്പിക്കും!!ആ സ്പെഷ്യൽ പ്രഖ്യാപനം എത്തി

ഐപിഎൽ 2023-ലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും അവരുടെ ക്യാപ്റ്റൻ സഞ്ജു സാംസൺ മികച്ച ബാറ്റിംഗ് പ്രകടനമാണ് നടത്തിയതെങ്കിലും, തുടർന്ന് നടന്ന രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ, ക്രിക്കറ്റ് നിരീക്ഷകരിൽ നിന്നുള്ള വിമർശനങ്ങളും, സഹതാരങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നുള്ള ട്രോളുകളും, ഒരു വിഭാഗം ആരാധകരിൽ നിന്നുള്ള പരിഹാസങ്ങളും സഞ്ജു ഏറ്റുവാങ്ങിയിരുന്നു.

എന്നാൽ, തന്റെ മോശം അവസ്ഥയിൽ തന്നെ ലക്ഷ്യം വെച്ചവർക്കെല്ലാം ഉള്ള മറുപടിയാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ സഞ്ജു തന്റെ ബാറ്റ് കൊണ്ട് നൽകിയത്. ഇന്നിങ്സിന്റെ തുടക്ക ഘട്ടത്തിൽ രാജസ്ഥാൻ റോയൽസ് പ്രതിസന്ധി നേരിടുമ്പോഴാണ്, സഞ്ജു ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. സഞ്ജുവിന്റെ അർദ്ധ സെഞ്ച്വറിയുടെ കൂടി പിൻബലത്തിലാണ്, രാജസ്ഥാൻ റോയൽസിന് ടൈറ്റൻസ് ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ സാധിച്ചത്.

നാലാമനായി ക്രീസിൽ എത്തിയ സഞ്ജു സാംസൺ, 32 പന്തിൽ 3 ഫോറും 6 സിക്സും സഹിതം 187.50 സ്ട്രൈക്ക് റേറ്റോടെ 60 റൺസ് ആണ് സ്കോർ ചെയ്തത്. ഈ പ്രകടനത്തിന് പിന്നാലെ, സഞ്ജുവിനെ പ്രശംസിച്ച് പ്രമുഖ കമന്റെറ്റർ ഹർഷ ഭോഗ്ലെ രംഗത്തെത്തി. “ഞാൻ എല്ലാ ദിവസവും ഇന്ത്യൻ ടി20 ടീമിൽ സഞ്ജു സാംസണെ കളിപ്പിക്കും,” ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തു. ഇന്ത്യൻ ടി20 ടീമിന് ഏറ്റവും യോജിച്ച കളിക്കാരനാണ് സഞ്ജു സാംസൺ എന്ന് വീണ്ടും ഓർമ്മപ്പെടുത്തിയിരിക്കുകയാണ് ഹർഷ ഭോഗ്ലെ.

ഈ ഐപിഎൽ സീസണിൽ സഞ്ജുവിന് മികച്ച പ്രകടനം തുടരാൻ ആയാൽ, വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യൻ ടീമിനൊപ്പം കളിക്കാൻ സഞ്ജുവിന് അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഋഷഭ് പന്ത് ഈ വർഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരില്ല എന്നും, സഞ്ജുവിനെ ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും, അദ്ദേഹത്തിന്റെ ദേശീയ ടീമിലെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

Rate this post