ഋഷഭ് പന്തിന്റെ പരിധി കഴിഞ്ഞു ; സഞ്ജു സാംസനെ സപ്പോർട്ട് ചെയ്ത് മുൻ താരങ്ങൾ

വിക്കറ്റ് കീപ്പർ സഞ്ജു സാംസനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധ സ്വരങ്ങൾ തുടരുന്നു. ന്യൂസിലാൻഡിന് എതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, ടി20 പരമ്പരയിലെ ഒരു മത്സരത്തിൽ പോലും സഞ്ജുവിന് കളിക്കാൻ അവസരം നൽകിയിരുന്നില്ല. മാത്രമല്ല, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അവസരം കൊടുത്ത സഞ്ജുവിന്, രണ്ടാം ഏകദിനത്തിൽ അവസരം ഉണ്ടാവുകയും ചെയ്തില്ല.

ഒന്നാം ഏകദിനത്തിൽ 30+ സ്കോർ ചെയ്ത സഞ്ജുവിനെ രണ്ടാം ഏകദിനത്തിൽ നിന്ന് മാറ്റി നിർത്തിയപ്പോൾ, ഒന്നാം ഏകദിനത്തിൽ നിറം മങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് രണ്ടാം ഏകദിനത്തിലും അവസരം നൽകുന്ന കാഴ്ചയാണ് കണ്ടത്. ഈ പ്രവണതക്കെതിരെ ഇപ്പോൾ മുൻ ന്യൂസിലൻഡ് താരവും കമന്ററ്ററുമായ സൈമൺ ഡിയോൾ, പ്രമുഖ ഇന്ത്യൻ കമന്ററ്റർ ഹർഷ ബോഗ്‌ലെ എന്നിവർ പ്രതികരിച്ചിരിക്കുകയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിന് പകരം പന്തിന് തുടരെത്തുടരെ അവസരം നൽകുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് ഡിയോൾ പറഞ്ഞു.

“ഋഷഭ് പന്ത് 30-ലധികം മത്സരങ്ങൾ കളിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരാശരി 35 ആണ്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റും മികച്ചതല്ല. അതേസമയം, 11 മത്സരങ്ങൾ കളിച്ച സഞ്ജുവിന്റെ ശരാശരി 60-ന് മുകളിലാണ്. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഋഷഭ് പന്ത് വളരെ മികച്ച ഒരു കളിക്കാരനാണ് എന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ, വൈറ്റ് ബോൾ ഫോർമാറ്റിൽ അദ്ദേഹത്തിന്റെ ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, പന്തിന് പകരം സഞ്ജുവിന് അവസരം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന അഭിപ്രായത്തോട് ഞാൻ പൂർണമായി പിന്തുണക്കുന്നു,” ഡിയോൾ പറഞ്ഞു.

ഡിയോൾ പറഞ്ഞ അഭിപ്രായത്തോട് ഹർഷ ബോഗ്‌ലെയും യോജിച്ചു. “സെലക്ടർമാർ പ്രകടനത്തിനാണ് മുൻഗണന നൽകുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. അവർ ഋഷഭ് പന്തിനെ എങ്ങനെയെങ്കിലും ടീമിൽ ഉൾപ്പെടുത്തണം എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ. ഋഷഭ് പന്ത് ഇന്ത്യയുടെ ഭാവിയാണെന്ന് പറയുന്നതിന് ഒരു പരിധിയുണ്ട്, ആ പരിധിയെല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുന്നു,” ഹർഷ ബോഗ്‌ലെ പറഞ്ഞു.

Rate this post