
സ്വന്തം സ്കോറിനെ പറ്റി ചിന്തിക്കാറില്ല…..സഞ്ജു നിസ്വാർത്ഥൻ!! ഹർഷ ഭോഗ്ലെ പറയുന്നു!!
രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു നായകൻ സഞ്ജു സാംസൺ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ 32 പന്തുകളിൽ 55 റൺസാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ 25 പന്തുകളിൽ 42 റൺസും നേടാൻ സഞ്ജുവിന് സാധിച്ചു. പലരും മത്സരത്തിൽ തങ്ങളുടെ സ്കോറിൽ മാത്രം ചിന്തിക്കുമ്പോൾ സഞ്ജു സാംസൺ പലപ്പോഴും ടീം സ്കോർ വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് മുൻ ഇന്ത്യൻ താരം ഹർഷ ഭോഗ്ലെ പറയുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ സഞ്ജു സ്ഥാനം അർഹിക്കുന്നുണ്ട് എന്നാണ് ഭോഗ്ലെയുടെ അഭിപ്രായം.
“പഞ്ചാബിനെതിരായ മത്സരത്തിൽ സഞ്ജു 25 പന്തുകളാണ് കളിച്ചത്. ഇത്തരത്തിൽ ടീമിലെ അഞ്ചുപേരും 25 പന്തുകൾ കളിക്കുകയാണെങ്കിൽ ടീമിന് അനായാസം 200 റൺസ് നേടാൻ സാധിക്കും. ഇത്തരം ഇന്നിങ്സുകളിൽ നിന്നാണ് സഞ്ജു ട്വന്റി20യിൽ എത്രമാത്രം പ്രധാനപ്പെട്ട താരമാണെന്ന് മനസ്സിലാവുന്നത്. സഞ്ജുവിന്റെ മൂല്യം എത്ര വലുതാണെന്ന് ഇത്തരം ഇന്നിങ്സുകളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നു. എന്നിരുന്നാലും ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുമ്പോൾ സഞ്ജു ഇത്തരത്തിൽ 30-40 റൺസുകൾ എടുക്കുന്നത് ഒഴിവാക്കി അതൊരു 70-80 റൺസുകളിലേക്ക് മാറ്റിയെടുക്കാൻ ശ്രമിക്കേണ്ടതാണ്. ചില മത്സരങ്ങളിൽ താരങ്ങൾ തങ്ങളുടെ വ്യക്തിഗത പ്രകടനത്തിന് മുൻതൂക്കം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ സ്കോർ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.”- ഭോഗ്ലെ പറയുന്നു.
“എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെയൊന്നു കാണാൻ സാധിക്കുന്നില്ല. അദ്ദേഹം വളരെ നിസ്വാർത്ഥനായ ക്രിക്കറ്ററാണ്. ബാറ്റിംഗ് ക്രീസിൽ എത്തുന്നതുമുതൽ അയാൾ സ്വന്തം സ്കോറിനെ പറ്റി ചിന്തിക്കാറില്ല. എല്ലായിപ്പോഴും ആക്രമിച്ചു തന്നെയാണ് കളിക്കാറുള്ളത്. വലിയ റിസ്ക് തന്നെയാണ് സഞ്ജു തന്റെ ബാറ്റിംഗിൽ എടുക്കുന്നത്. അയാൾ സ്വന്തം സ്കോറിനെക്കാൾ ടീം സ്കോറിൽ ശ്രദ്ധ കൊടുക്കുന്നു.”- ഭോഗ്ലെ കൂട്ടിച്ചേർത്തു.
നിലവിൽ ഈ സീസണിൽ 97 റൺസാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം. 48.5 ആണ് സഞ്ജുവിന്റെ സീസണിലെ ശരാശരി. 170 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു ഈ സ്കോറുകൾ നേടിയിട്ടുള്ളത്. ഡൽഹിയ്‌ക്കെതിരെയും സഞ്ജു ഇത്തരത്തിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും അടുത്ത മത്സരങ്ങളിൽ വലിയ സ്കോർ കണ്ടെത്തേണ്ടത് സഞ്ജുവിന്റെ വ്യക്തിഗത കാര്യങ്ങൾക്ക് അത്യാവശ്യമാണ്.