എനിക്കെതിരെ സിക്സ് അടിച്ചത് വിരാട് കോഹ്ലി ആയതുകൊണ്ട് മാത്രം എനിക്ക് നിരാശ തോന്നുന്നില്ല; പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറയുന്നു
കഴിഞ്ഞ ടി20 ലോകകപ്പിലെ സൂപ്പർ 12-ൽ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും അടുത്തൊന്നും മറക്കാൻ ഇടയില്ലാത്തതാണ്. അവസാന ബോൾ വരെ നീണ്ടുനിന്ന മത്സരത്തിൽ, 82 റൺസ് നേടി വിരാട് കോഹ്ലിയാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. അവസാനം 12 ബോളുകളിൽ 31 റൺസ് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണമെന്നിരിക്കെ, ഹാരിസ് റൗഫ് എറിഞ്ഞ ഇന്നിംഗ്സിന്റെ 19-ാം ഓവറിലെ അവസാന രണ്ട് ബോളുകളും സിക്സർ പറത്തിയാണ് കോഹ്ലി കളിയുടെ ഗതി മാറ്റിയത്.
ഇന്നിംഗ്സിന്റെ 19-ാം ഓവർ എറിയാൻ എത്തിയ ഹാരിസ് റൗഫ്, തന്റെ ആദ്യ നാല് പന്തുകളിൽ ആകെ 3 റൺസ് മാത്രമാണ് വഴങ്ങിയത്. എന്നാൽ അതിനു ശേഷം എറിഞ്ഞ രണ്ടു ബോളുകളിൽ 12 റൺസ് ആണ് റൗഫ് വഴങ്ങിയത്. ആ നിമിഷത്തെക്കുറിച്ച് ഇപ്പോൾ ഓർക്കുകയാണ് ഹാരിസ് റൗഫ്. തനിക്കെതിരെ സിക്സ് നേടിയത് വിരാട് കോഹ്ലി ആയതുകൊണ്ട് മാത്രം തനിക്ക് നിരാശ തോന്നുന്നില്ല എന്നാണ് റൗഫ് പറയുന്നത്.

“വിരാട് കോഹിലി ലോകകപ്പിൽ കളിച്ച ക്ലാസ് നമ്മൾ കണ്ടതാണ്. എന്റെ ഓവറിലെ അവസാന രണ്ട് ബോളുകൾ കോഹ്ലി സിക്സ് അടിച്ചതിൽ എനിക്ക് വിഷമമില്ല. ഏതുതരത്തിലുള്ള ബോളുകളും സിക്സ് അടിക്കാൻ കഴിവുള്ള ബാറ്റർ ആണ് കോഹ്ലി. കോഹ്ലിയുടെ യഥാർത്ഥ ക്ലാസ് ആണ് എന്റെ അവസാന രണ്ട് ബോളുകളിൽ അദ്ദേഹം കാഴ്ചവച്ചത്. അതേസമയം ആ രണ്ട് സിക്സുകൾ സ്കോർ ചെയ്തത് ദിനേശ് കാർത്തിക്കോ ഹാർദിക് പാണ്ഡ്യയോ ആയിരുന്നെങ്കിൽ അത് എനിക്ക് നിരാശ സമ്മാനിച്ചേനെ,” ഹാരിസ് റൗഫ് പറയുന്നു.
“അടുത്ത ഓവർ എറിയാൻ നവാസ് വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അവൻ ഒരു സ്പിന്നർ ആയതുകൊണ്ട് തന്നെ, കുറഞ്ഞത് ഒരു 20 റൺസ് എങ്കിലും അവന് ഡിഫൻസ് ചെയ്യാൻ വേണമെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. വളരെ മികച്ച രീതിയിൽ ആണ് ഞാൻ ബൗളിംഗ് ആരംഭിച്ചത്. ആദ്യ മൂന്നു പന്തുകളും സ്ലോ ബോളുകൾ ആണ് എറിഞ്ഞത്. എന്നാൽ അവസാന രണ്ട് ബോളുകളിൽ, കോഹ്ലി അദ്ദേഹത്തിന്റെ ക്ലാസ്സ് കാണിച്ചു,” പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് ആ നിമിഷത്തെ കുറിച്ച് ഓർക്കുന്നു.