മുംബൈ രാജ ഹർദിക്കെങ്കിൽ, ഇന്ത്യ ഭരിക്കുന്നത് രോഹിത് തന്നെ!! പുതിയ തീരുമാനം ഇങ്ങനെ

Hardik Pandya’s inclusion in T20 World Cup squad: ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യൻ ക്യാമ്പിൽ ഒരുങ്ങുകയാണ്. പ്രഥമ ഘട്ടമായ സ്‌ക്വാഡ് സെലക്ഷന്റെ ആദ്യ ചർച്ചകൾ നടന്നിരിക്കുന്നു. കഴിഞ്ഞ ആഴ്ച മുംബൈയിൽ നടന്ന മീറ്റിങ്ങിൽ, ഇന്ത്യൻ ദേശീയ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്, മുഖ്യ സെലക്ടർ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ പങ്കെടുത്തു. 

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ കാര്യം മീറ്റിംഗിൽ ചർച്ചയായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഐപിഎല്ലിൽ കളിക്കുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ, ഇതുവരെ ബാറ്റിംഗിലും ബോളിംഗിലും ഫോം കണ്ടെത്തിയിട്ടില്ല. 6 മത്സരങ്ങളിൽ നിന്ന് 131 റൺസ് മാത്രമാണ് ഹാർദിക് പാണ്ഡ്യയുടെ സമ്പാദ്യം. 6 മത്സരങ്ങളിൽ നിന്ന് 3 വിക്കറ്റുകൾ ആണ് ഹാർദിക് പാണ്ഡ്യ നേടിയത്. 

എന്നാൽ, എല്ലാ മത്സരങ്ങളിലും ഹാർദിക് ബോൾ ചെയ്യാത്തത് ആണ് ഇന്ത്യൻ ക്യാമ്പിൽ ചർച്ചയായിരിക്കുന്നത്. 6 മത്സരങ്ങൾ കളിച്ച ഹാർദിക്, നാല് മത്സരങ്ങളിൽ മാത്രമാണ് പന്തെറിഞ്ഞത്. അതും ഒരു മത്സരത്തിൽ പോലും 4 ഓവർ കോട്ട തികയ്ക്കുകയും ചെയ്തിട്ടില്ല. ഹാർദിക് ഇപ്പോഴും പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തി നേടിയിട്ടില്ലേ എന്ന ആശങ്കയും ഇന്ത്യൻ ക്യാമ്പിൽ നിലനിൽക്കുന്നു. 

ഇതോടെ, ഇനിയുള്ള ഐപിഎൽ മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യ 4 ഓവറുകൾ തുടർച്ചയായി എറിഞ്ഞ് തന്റെ ശാരീരിക ക്ഷമതയും ഫോമും തെളിയിച്ചാൽ മാത്രമേ അദ്ദേഹത്തിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് ഇന്ത്യൻ ക്യാമ്പ്. ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ശിവം ഡ്യൂബെ മികച്ച ഫോമിൽ തുടരുന്നതും ഹാർദിക് പാണ്ഡ്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിലെ അവസരം തുലാസിലാക്കുന്നു.