അവനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല ; കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം | Volleylive

ഐപിഎൽ 15-ാം പതിപ്പിൽ അരങ്ങേറ്റക്കാരായ ഗുജറാത്ത്‌ ടൈറ്റൻസിനെ പ്ലേഓഫിലേക്ക് നയിച്ച് തിളങ്ങി നിൽക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മുൻപരിചയമില്ലാതെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത്, അത് ഗംഭീരമാക്കിയ ഹാർദിക്, ബാറ്റിംഗിൽ കുറച്ച് മികച്ച ഇന്നിംഗ്സുകൾ കളിക്കുകയും ബൗളിംഗിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ, ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ഹാർദിക് പാണ്ഡ്യ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർഥിവ് പട്ടേൽ വിശ്വസിക്കുന്നു.

പാണ്ഡ്യയുടെ ആവർത്തിച്ചുള്ള പരിക്കിന്റെ ആശങ്ക ഇന്ത്യൻ ടീമിനും ഫ്രാഞ്ചൈസി ക്രിക്കറ്റിനും വേണ്ടി മിക്ക അവസരങ്ങളിലും ബാറ്ററായി മാത്രം കളിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയിരുന്നു. 2021-ലെ ടി20 ലോകകപ്പിൽ പാണ്ഡ്യയുടെ സംഭാവന മതിയാകാതെ വന്നതോടെ, പാണ്ഡ്യ സ്വയം ടീമിൽ നിന്ന് പുറത്താവുകയും ചെയ്തു. വിപുലമായ പുനരധിവാസത്തിന് ശേഷം, 2022-ലെ ഐപിഎല്ലിൽ ഓൾറൗണ്ടറായി തന്നെ 28-കാരൻ തിരിച്ചെത്തി.

എന്നിരുന്നാലും, ടൂർണമെന്റിന്റെ പ്രാരംഭ ഘട്ടത്തിൽ തന്റെ ഓവറുകളുടെ മുഴുവൻ ക്വാട്ടയും ബൗൾ ചെയ്‌തിരുന്ന ഹാർദിക്, ഏറ്റവും ഒടുവിൽ നടന്ന കളികളിൽ ബൗൾ ചെയ്യാതിരുന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ പാണ്ഡ്യ സ്ഥിരമായി ബൗൾ ചെയ്യേണ്ടിവരുമെന്ന് പാർഥിവ് പട്ടേൽ ക്രിക്ക്ബസിനോട്‌ പറഞ്ഞു. “ലോകകപ്പിനായി പൂർണ്ണമായും ഫിറ്റായ ഒരു കളിക്കാരനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒന്ന് രണ്ട് മത്സരങ്ങളിൽ മാത്രം പന്തെറിയാൻ മണിക്കൂറിൽ 140 കി.മീ വേഗതയിൽ ബൗൾ എറിയുന്ന ഒരു കളിക്കാരനെ തിരഞ്ഞെടുക്കാൻ കഴിയില്ല,” പാർഥിവ് ഹാർദിക്കിനെ കുറിച്ച് പറഞ്ഞു.

“ഒരാളെ പൂർണ്ണ ഫിറ്റല്ലാതെ ലോകകപ്പിൽ എടുത്താൽ, അയാൾക്ക് പരിക്കേറ്റാൽ പിന്നെ എന്ത് സംഭവിക്കും? അത് ഇന്ത്യയുടെ നഷ്ടമായിരിക്കും. ഹാർദിക് കുറച്ച് 4-ദിന മത്സരങ്ങളെങ്കിലും കളിക്കേണ്ടതുണ്ട്, അതിനുശേഷം മാത്രമേ അദ്ദേഹത്തിന്റെ ഫിറ്റ്നസ് വിലയിരുത്താൻ കഴിയൂ,” മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പറഞ്ഞു.