ഹാർദിക് 50 അടിച്ചാൽ ഞാൻ ജോലി രാജിവെക്കും ; ആ ബാനർ ഉയർത്തിയ ആരാധകന്റെ അവസ്ഥ ഇപ്പോൾ എന്തരോ എന്തോ
കായിക മത്സരങ്ങൾക്കിടയിൽ കാണികൾ അവരുടെ രൂപംകൊണ്ടോ ആംഗ്യംകൊണ്ടോ വൈറലാകുന്നത് അസാധാരണമല്ല. ചിലർ എല്ലാ ശ്രദ്ധയും നേടാൻ തയ്യാറായി വരുന്നു, എന്നാൽ, മറ്റുച്ചിലർ അസാധാരണമായ ചില സംഭവവികാസങ്ങൾ കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും അപ്രതീക്ഷിതമായി വൈറലാകുന്നു.
ഇതിൽ രണ്ടാമത് പറഞ്ഞ വിഭാഗത്തിൽ വൈറലായിരിക്കുകയാണ്, കഴിഞ്ഞ ദിവസം മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്ത് ടൈറ്റൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം വീക്ഷിക്കാനെത്തിയ ഒരു ആരാധകൻ. ഗുജറാത്ത് ടൈറ്റൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയുടെ സ്റ്റാൻഡിൽ ഒരു ആരാധകൻ ഉയർത്തിയ ബാനർ ക്യാമറക്കണ്ണുകളിൽ അകപ്പെട്ടു. “ഹാർദിക് 50 അടിച്ചാൽ ഞാൻ ജോലി രാജിവെക്കും,” എന്നായിരുന്നു ആരാധകൻ ഉയർത്തിയ ബാനറിലെ വാചകം.

എന്നാൽ, അപ്രതീക്ഷിതമായി ഫോമിലുള്ള ശുഭ്മാൻ ഗില്ലിന്റെ ഉൾപ്പടെ മൂന്ന് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗ് ചുമതല ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഏറ്റെടുത്തു.നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ തന്റെ കാലിബർ തെളിയിക്കുകയും, 42 പന്തിൽ 50 റൺസ് സ്‌കോർ ചെയ്ത് ഗുജറാത്തിന്റെ ടോപ് സ്‌കോററായി മാറുകയും ചെയ്‌തു. ഹാർദിക് അർദ്ധ സെഞ്ച്വറി നേടിയ നിമിഷം ടിവി സ്ക്രീനുകളിൽ ബാനർ ഉയർത്തിയ ആരാധകനെ കാണിച്ചതോടെ, ആ മനുഷ്യൻ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. സോഷ്യൽ മീഡിയയിൽ #SRHvGT എന്ന ഹാഷ്ടാഗിൽ ട്രെൻഡിംഗ് ആണ് ഈ വീഡിയോ.
വീഡിയോ വൈറലായതോടെ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ, ആ ആരാധകൻ തന്റെ ജോലിയിൽ നിന്ന് രാജിവെച്ചോ എന്ന് തിരക്കാൻ ആരംഭിച്ചു. ചിലർ തമാശ നിറഞ്ഞ മീമുകളും വാചകങ്ങളും ഉപയോഗിച്ച് വീഡിയോക്ക് കീഴിൽ പ്രതികരിക്കുന്നു. ‘അദ്ദേഹത്തിന് യഥാർത്ഥത്തിൽ ഒരു ജോലിയും ഉണ്ടാകില്ല’, ‘ക്രിക്കറ്റ് കാണുന്ന ജോലി നിർത്തുമെന്നാണോ അയാൾ ഉദ്ദേശിച്ചത്’ തുടങ്ങിയ പ്രതികരണങ്ങളും നെറ്റിസെൻസ് പങ്കുവെക്കുന്നു.