ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടെന്ന് ആരോപണം 😱ഇന്ത്യൻ ഓൾറൗണ്ടറെ മുംബൈ ഒഴിവാക്കിയതിന്റെ കാരണം ഇതാണോ

ഐപിഎല്ലിൽ ഏറെ ആരാധകരുള്ള വമ്പൻ ടീമാണ് മുംബൈ ഇന്ത്യൻസ്. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻടുൽക്കർ, സനത് ജയസൂര്യ, റിക്കി പോണ്ടിംഗ് തുടങ്ങിയ ഇതിഹാസങ്ങൾ കളിച്ചത് കൊണ്ട് തന്നെ, മുംബൈ പ്രഥമ ഐപിഎൽ സീസൺ മുതൽ തന്നെ വലിയ ആരാധക പിന്തുണയുള്ള ടീമായിരുന്നു. എന്നാൽ, നിലവിലെ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ മുംബൈയിൽ എത്തുന്നതോടെയാണ് മുംബൈ ഇന്ത്യൻസിന്റെ തലവര മാറുന്നത്.

രോഹിത് ശർമ്മ ടീമിന്റെ നായകനായി ചുമതലയേറ്റ ശേഷം, 2013 ൽ നടന്ന ഐപിഎല്ലിന്റെ 6-ാം പതിപ്പിലാണ് മുംബൈ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി കിരീടം സ്വന്തമാക്കുന്നത്. ആ വിജയം ഉൾപ്പടെ 5 തവണ ഐപിഎൽ ജേതാക്കളായ മുംബൈ, ഇന്ന് ഏറ്റവും കൂടുതൽ തവണ ഐപിഎൽ ജേതാക്കളായ ടീമാണ്. ഈ കിരീടങ്ങളെല്ലാം രോഹിത് ശർമ്മ നായകനായ ശേഷമാണ് മുംബൈ സ്വന്തമാക്കിയത് എന്ന് ശ്രദ്ധേയമാണ്.

ഇപ്പോൾ, 2022 ഐപിഎൽ മെഗാ താരലേലത്തിന് തയ്യാറെടുക്കുന്ന ഫ്രാഞ്ചൈസി, മറ്റേതൊരു ഫ്രാഞ്ചൈസിയെയും പോലെ തങ്ങളുടെ നിരവധി സ്ഥിരം സാന്നിധ്യങ്ങളായിരുന്ന കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കാൻ നിർബന്ധിതരായിരുന്നു. അതോടെ, 7 വർഷം ടീമിന്റെ നിർണ്ണായക സാന്നിധ്യമായിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയും മുംബൈ ഒഴിവാക്കിയിരുന്നു. പാണ്ഡ്യക്ക്‌ അടുത്ത കാലത്തായി സംഭവിച്ച പരിക്കാണ്, താരത്തെ ടീമിൽ നിലനിർത്താതിരിക്കാൻ കാരണം എന്നായിരുന്നു മുംബൈ മാനേജ്മെന്റിന്റെ വിശദീകരണം.

എന്നാൽ, കഴിഞ്ഞ ദിവസം സ്പോർട്സ് ടക് എന്ന യൂട്യൂബ് ചാനലിൽ ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ ചർച്ചാവിഷയം. “ഹാർദിക് മുംബൈ ടീമിന്റെ ക്യാപ്റ്റനാവാൻ ആഗ്രഹിച്ചിരുന്നു, ഈ വിവരം അദ്ദേഹം മുംബൈ മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്തെ ടീം ഒഴിവാക്കിയത്,” മാധ്യമ പ്രവർത്തകൻ പറഞ്ഞു. സംഭവം വലിയ വാർത്ത ആയതോടെ നിരവധി മുംബൈ ആരാധകരാണ് ഹാർദിക്കിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.