ഐപിൽ ടീമുകൾ പേടിക്കുക ഹാർദിക്ക് പാണ്ട്യ റെഡി 😱മുന്നറിയിപ്പ് നൽകി ഗുജറാത്ത് കോച്ച്

ഐ‌പി‌എല്ലിലെ പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റൻസ്, കഴിഞ്ഞ ദിവസം സമാപിച്ച മെഗാ ലേലത്തിൽ ചില വമ്പൻ താരങ്ങളെ സ്വന്തമാക്കി ആരാധകരെ ഞെട്ടിച്ചിരുന്നു. ലേലത്തിന് മുന്നേ തന്നെ, ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, അഫ്‌ഘാനിസ്ഥാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ, ഇന്ത്യയുടെ യുവ ബാറ്റർ ശുഭ്മാൻ ഗിൽ എന്നിവരെ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു.

എന്നാൽ, ടീമിന്റെ ക്യാപ്റ്റനും, മികച്ച ബൗളറും അതിശയിപ്പിക്കുന്ന ബാറ്ററുമായ പാണ്ഡ്യയുടെ ഫിറ്റ്നസ് ആശങ്കാജനകമാണ്. നട്ടെല്ലിന് പരിക്കേറ്റ പാണ്ഡ്യ, 2021ൽ യുഎഇയിൽ നടന്ന ഐസിസി ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈക്ക് വേണ്ടിയും, ടി20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടിയും പരിക്ക് മൂലം പാണ്ഡ്യ അധികം പന്തെറിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. ബൗൾ ചെയ്യാത്ത ഓൾറൗണ്ടറെ ഇന്ത്യൻ ടീമിന് ആവശ്യമില്ല എന്ന തരത്തിൽ വലിയ വിമർശനങ്ങളും താരം നേരിട്ടിരുന്നു.

എന്നാൽ, ഇക്കാര്യത്തിൽ ഒരു അപ്‌ഡേറ്റ് നൽകിക്കൊണ്ട് ഗുജറാത്ത് ടൈറ്റൻസിന്റെ സ്പിൻ ബൗളിംഗ് കോച്ച് ആശിഷ് കപൂർ രംഗത്ത് വന്നിരിക്കുകയാണ്. പാണ്ഡ്യ പരിശീലനം തുടങ്ങിയെന്നും നെറ്റ്‌സിൽ ബൗൾ ചെയ്യാൻ തുടങ്ങിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. “ഞങ്ങൾ അവനെ (ഹാർദിക്) നിലനിർത്തിയ സമയം മുതൽ (ആഷിഷ്) നെഹ്‌റ അവനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു, നെഹ്‌റ അവനോട് സംസാരിച്ചു. പരിശീലന സെഷനുകൾ എങ്ങനെ ക്രമീകരിക്കണം, എവിടെ ക്രമീകരിക്കണം എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അവൻ ആ കാര്യങ്ങൾ പിന്തുടരുന്നുണ്ട്,” ഇന്ത്യൻ വാർത്താ ഏജൻസിയായ എഎൻഐയോട് കപൂർ പറഞ്ഞു.

“മാർച്ചിൽ നടക്കാനിരിക്കുന്ന ഒരു ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുമ്പ് കുറച്ച് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാൻ അവനോട് നേഹ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അവൻ ബൗൾ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട് എന്നാണ് നേഹ്‌റയോട് പറഞ്ഞത്. അതെ, അവൻ ബൗൾ ചെയ്യാൻ തുടങ്ങി, അവൻ നന്നായി ബൗൾ ചെയ്യുന്നു, ബാറ്റിങ്ങിൽ അദ്ദേഹത്തിന് ഒരു പ്രശ്‌നവുമില്ല, ഇന്ത്യൻ ടീമിലെ പോലെ ഞങ്ങൾക്ക് വേണ്ടിയും പന്തെറിയാൻ കഴിയട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” കപൂർ കൂട്ടിച്ചേർത്തു.