ഹാർദിക് പാണ്ഡ്യയുടെ അപരനെ കണ്ടെത്തി സോഷ്യൽ മീഡിയ😮😮 അമ്പരന്ന് ആരാധകർ:ആരാണ് അയാൾ?

ലോകമെമ്പാടുമുള്ള ആളുകൾക്ക് സമ്പർക്കം പുലർത്താനും അവരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള ഒരു ഉപകരണമാണ് സോഷ്യൽ മീഡിയ. ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നുമുള്ള ഉപയോക്താക്കൾ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതുകൊണ്ടുതന്നെ, രണ്ട് വ്യക്തികൾ തമ്മിലുള്ള മുഖ സാദൃശ്യം കണ്ടുപിടിക്കുന്നതും പ്രചരിപ്പിക്കുന്നതും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ്.

ഇപ്പോഴിതാ, ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുമായി WWE താരം കാർമെലോ ഹെയ്‌സിന് നല്ല സാദൃശ്യമുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇരുവരുടെയും ഒരുമിച്ച് ചേർത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതോടെ നിരവധി ആളുകളാണ് തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

എന്തുതന്നെയായാലും, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഹെയ്‌സിന്റെ ശ്രദ്ധയിലും ഈ വാർത്തയെത്തി. “ഹാർദിക് പാണ്ഡ്യ, നിങ്ങൾ എന്നെ ഇന്ത്യയിൽ ട്രെൻഡിംഗ് ആക്കിയിരിക്കുന്നു. വളരെയധികം സ്നേഹം,” എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന തരംഗത്തിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിലൂടെയുള്ള ഹെയ്‌സിന്റെ പ്രതികരണം. ഹെയ്‌സ് ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്റ്റ്ലറാണ്. NXT ക്രൂയിസർവെയ്റ്റ് ചാമ്പ്യൻ റോഡറിക് സ്ട്രോങ്ങിനെ പരാജയപ്പെടുത്തി നോർത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പും ക്രൂസർവെയ്റ്റ് ചാമ്പ്യൻഷിപ്പും ഒരുമിച്ച് സ്വന്തമാക്കിയ താരമാണ് ഹെയ്‌സ്.

ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഹാർദിക് പാണ്ഡ്യയ്ക്ക് സമാനമായ നിരവധി സവിശേഷതകൾ ഹെയ്‌സിനുണ്ടെന്ന് ആരാധകർ കണ്ടെത്തി. പാണ്ഡ്യയുടെ രൂപസാദൃശ്യവും, ഹെയർ സ്റ്റൈലും, ശരീര ഘടനയും ഹെയ്‌സിൽ കണ്ടതിനാൽ ആരാധകർക്ക് ആവേശം അടക്കാനായില്ല. NXT നോർത്ത് അമേരിക്കൻ ചാമ്പ്യൻ എന്ന നിലയിൽ, ഹെയ്‌സ് ഇപ്പോൾ 100 ദിവസം പിന്നിട്ടിരിക്കുന്നു. അതേസമയം ഹാർദിക് പാണ്ഡ്യ IPL ടീമായ ഗുജറാത്ത് ടൈറ്റൻസിന്റെ നായക സ്ഥാനം ഏറ്റെടുത്തതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകളിലാണ്.