ഭർത്താവിന്റെ നേട്ടത്തിൽ വികാരഭരിതയായി ഭാര്യ ; ഹാർദിക് പാണ്ഡ്യയുടെ ആലിംഗനത്തിൽ നതാശ പൊട്ടിക്കരഞ്ഞു

ഹാർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ ഹീറോകൾ. ഞായറാഴ്ച (മെയ്‌ 29) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിക്കൊണ്ട്, ഗുജറാത്ത് ടൈറ്റൻസ് അവരുടെ ആദ്യ ഐപിഎൽ സീസണിൽ തന്നെ ജേതാക്കളായിരിക്കുകയാണ്. ലീഗ് ഘട്ടത്തിൽ ഉൾപ്പെടെ സമ്പൂർണ്ണ ആധിപത്യത്തോടെയാണ് ഗുജറാത്ത് ടൈറ്റൻസ് അവരുടെ അരങ്ങേറ്റ സീസണിൽ കിരീടം ചൂടിയിരിക്കുന്നത്.

വ്യക്തിഗത മികവിനെക്കാൾ ടീമിലെ ഓരോ കളിക്കാരും തങ്ങളുടെ റോൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തതാണ് ഗുജറാത്ത്‌ ടൈറ്റൻസിന് കരുത്തായത്. എന്നിരുന്നാലും, ടൂർണ്ണമെന്റിലുടനീളം ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പുറത്തെടുത്ത മികച്ച പ്രകടനം എടുത്തു പറയേണ്ടതാണ്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനം ഗുജറാത്ത്‌ ടൈറ്റൻസിന് കന്നി ഐപിഎൽ ട്രോഫി നേടാൻ വളരെയധികം സഹായകമായി.

ഫൈനൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ നിർണായക താരങ്ങളായ ജോസ് ബട്‌ലർ, ക്യാപ്റ്റൻ സഞ്ജു സാംസൺ, ഷിംറോൻ ഹെറ്റ്മയർ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുത്തത്. 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ ഹാർദിക്, ബാറ്റിംഗിൽ 34 റൺസ് നേടുകയും ചെയ്തു.

ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് നേടുന്ന ആദ്യ കിരീടമാണിതെങ്കിലും, മുംബൈ ഇന്ത്യൻസിനൊപ്പം (2015, 2017, 2019, 2020) 4 വിജയങ്ങൾ നേടിയ ഹാർദിക്കിന്റെ മൊത്തത്തിലുള്ള അഞ്ചാമത്തെ ഐപിഎൽ കിരീടമാണിത്. ഫൈനൽ മത്സരത്തിന് ശേഷം, ഹാർദിക്കിന്റെ ഭാര്യ നതാശ സ്റ്റാൻകോവിച്ച് ഭർത്താവിന്റെ നേട്ടങ്ങളിൽ വികാരഭരിതയായി. ഹര്ധിക നതാശയെ സന്തോഷത്തോടെ ആലിംഗനം ചെയ്തപ്പോൾ നതാശ തകർന്നുപോയി. ഗുജറാത്തിന്റെ എല്ലാ മത്സരങ്ങളും സ്റ്റാൻഡിൽ ഇരുന്ന് കാണാറുള്ള നതാശ ഭർത്താവിന് ടൂർണമെന്റിലുടനീളം പൂർണപിന്തുണ അർപ്പിച്ചിരുന്നു.