ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ക്യാപ്റ്റനാക്കണം ; ആവശ്യമുന്നയിച്ച് മുൻ ഇന്ത്യൻ നായകൻ

ഐ‌പി‌എൽ 2022-ലെ ഹാർദിക് പാണ്ഡ്യയുടെ മികച്ച ക്യാപ്റ്റൻസി ക്രിക്കറ്റ്‌ ലോകത്തെ അത്ഭുതപ്പെടുത്തി. ക്യാപ്റ്റൻസിയിൽ പരിചയസമ്പത്തില്ല എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നേതൃപാടവത്തെക്കുറിച്ച് പലർക്കും അറിയില്ലായിരുന്നു. പാണ്ഡ്യയെ കുറിച്ചുള്ള മറ്റൊരു ആശങ്ക എന്തായിരുന്നു എന്നാൽ, ഒരു ഓൾറൗണ്ടറായി അദ്ദേഹം ലഭ്യമാണോ എന്നതായിരുന്നു. എന്നാൽ, എല്ലാ സംശയങ്ങൾക്കും വ്യക്തമായ മറുപടി നൽകിക്കൊണ്ട് ഹാർദിക്, ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ കന്നി ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.

ഈ സീസൺ എല്ലാം കൊണ്ടും ഹാർദിക് സ്വന്തമാക്കുകയായിരുന്നു. ഒരു ബാറ്റർ എന്ന നിലയിൽ, 44.27 ശരാശരിയിൽ 131.26 സ്‌ട്രൈക്ക് റേറ്റോടെ 487 റൺസും, ഒരു ബൗളർ എന്ന നിലയിൽ 7.27 ഇക്കോണമി റേറ്റിൽ എട്ട് വിക്കറ്റുകളും ഹാർദിക് വീഴ്ത്തി. സീസണിന്റെ രണ്ടാം പകുതിയിൽ അദ്ദേഹം പന്തെറിഞ്ഞില്ലെങ്കിലും, ഫൈനലിൽ 4 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി, തന്റെ കരിയറിലെ മികച്ച പ്രകടനവുമായി അദ്ദേഹം ബൗളിംഗിലേക്ക് മടങ്ങിയെത്തി.

ഇപ്പോൾ, ഹാർദിക് പാണ്ഡ്യയുടെ നേതൃഗുണങ്ങളിൽ ആകൃഷ്ടനായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകാനും ഓൾറൗണ്ടർക്ക് ഭാവിയുണ്ടെന്ന് കണക്കുകൂട്ടുകയാണ്. “എന്റെ അനുമാനം മാത്രമല്ല, എല്ലാവരുടെയും വിലയിരുത്തലിൽ നേതാവെന്ന നിലയിൽ ഹാർദിക്കിന്റെ പ്രശസ്തി ഉയർന്നു. ബാറ്റ് കൊണ്ട് അയാൾക്ക് എന്തുചെയ്യാനാകുമെന്നും പന്ത് കൊണ്ട് എന്തുചെയ്യാനാകുമെന്നും ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു, പക്ഷേ സീസൺ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് 4 ഓവറിന്റെ മുഴുവൻ ക്വാട്ടയും ബൗൾ ചെയ്യാൻ കഴിയുമോ എന്നതിനെക്കുറിച്ച് ഒരു ചെറിയ ആശങ്ക ഉണ്ടായിരുന്നു. അവൻ അത് ചെയ്തു, അവൻ അത് കാണിച്ചു. ആ ഓൾറൗണ്ടർ വശം പൂർത്തിയായി, എല്ലാവർക്കും സന്തോഷമുണ്ട്,” ഗാവസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

“എന്നാൽ ഇപ്പോൾ, അദ്ദേഹം ടീമിനെ നയിച്ച രീതി, അവരെ ഒരുമിപ്പിച്ച രീതി, എന്നിവ അർത്ഥമാക്കുന്നത് അദ്ദേഹത്തിന് നേതൃത്വഗുണങ്ങൾ ഉണ്ടെന്നാണ്. അയാൾക്ക് നേതൃഗുണങ്ങളുണ്ടെങ്കിൽ, സമീപഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിനെ നയിക്കാൻ ദേശീയ തലത്തിൽ ബഹുമതികൾക്കുള്ള വാതിൽ അത് യാന്ത്രികമായി തുറക്കും. റിങ്ങിൽ മറ്റ് 3-4 പേരുകളുണ്ട്, അത് ആവേശകരമാണ്. അതുകൊണ്ട് അടുത്തത് അവനാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ സെലക്ഷൻ കമ്മിറ്റിക്ക് ആ ഓപ്ഷൻ ലഭിക്കുന്നത് ഉപകാരപ്രതമാണ്,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Rate this post