കെഎൽ രാഹുൽ ഇനി കുറച്ചുകാലം ഇന്ത്യൻ ടീമിന് പുറത്തിരിക്കട്ടെ!! തുറന്നടിച്ച് മുൻ ഇന്ത്യൻ താരം
കെഎൽ രാഹുലിനെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരം മുതൽ, ഇനി ഇന്ത്യൻ ജേഴ്സിയിൽ ഇനി കുറച്ചു കാലത്തേക്ക് കാണാൻ സാധിക്കില്ല എന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. രാഹുൽ മോശം ഫോം തുടരുമ്പോഴും, അദ്ദേഹത്തെ ടീമിൽ നിലനിർത്തുന്നതിനെതിരെ ക്രിക്കറ്റ് ലോകത്തെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഹർഭജൻ സിംഗിന്റെ പ്രതികരണം. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ സിംഗ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
“കെഎൽ രാഹുൽ ഇന്ത്യൻ ടീമിലെ വളരെ മികച്ച കഴിവുള്ള ഒരു ബാറ്റർ തന്നെയാണ്. എന്നാൽ, അദ്ദേഹം തന്റെ കഴിവ് മികച്ച പ്രകടനങ്ങളാക്കി മാറ്റാൻ ബാധ്യസ്ഥനാണ്. അതുവരെ അദ്ദേഹം ടീമിൽ നിന്ന് വിട്ടുനിൽക്കട്ടെ. ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ നിന്ന് രാഹുലിനെ മാറ്റിനിർത്തി പകരം ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തണം. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച ഫോമിൽ ഉള്ള ഗിൽ ഇപ്പോൾ ഒരു സൂപ്പർ ഹീറോ ആണ്. ഓസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ ഓപ്പണർ ആയി ഗിൽ വരും, അതിന്റെ സൂചനയായിയാണ് രാഹുലിനെ വൈറ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരിക്കുന്നത്,” ഹർഭജൻ സിംഗ് പറയുന്നു.

“രാഹുൽ കുറച്ച് കാലത്തേക്ക് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കട്ടെ. തുടർന്ന് ആഭ്യന്തര മത്സരങ്ങളിൽ കളിച്ച് ഫോം തെളിയിക്കണം. എന്നിട്ട് ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരട്ടെ,” ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു. “ശുഭ്മാൻ ഗില്ലിനെ ടെസ്റ്റ് ടീമിൽ പരീക്ഷിക്കാനുള്ള മികച്ച സമയമാണിത്. ഭാവി വാഗ്ദാനമായ ഗില്ലിനെ എല്ലാ ഫോർമാറ്റുകളിലും ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കണം. അതുകൊണ്ടുതന്നെ രാഹുലിനെ ഇനി കുറച്ചു കാലത്തേക്ക്, പ്രത്യേകിച്ച് ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സിയിൽ കാണാൻ സാധിക്കില്ല എന്നാണ് ഞാൻ കരുതുന്നത്,” മുൻ ഇന്ത്യൻ പറഞ്ഞു.
2021 മുതൽ കളിച്ച ഒൻപത് ടെസ്റ്റ് മത്സരങ്ങളിൽ കെഎൽ രാഹുലിന് ആകെ നേടാൻ ആയത് 23.05 ശരാശരിയിൽ 392 റൺസ് മാത്രമാണ്. ഈ കാലയളവിൽ ഒരു അർദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ രാഹുലിന് നേടാൻ സാധിച്ചത്. അതേസമയം, ഏകദിന ഫോർമാറ്റിൽ തുടർച്ചയായി സെഞ്ച്വറി പ്രകടനം നടത്തുന്ന ശുഭ്മാൻ ഗില്‍ ടെസ്റ്റ് ടീമിലേക്ക് എത്തുമ്പോൾ, അദ്ദേഹത്തിന് മികച്ച നിലവാരത്തിൽ കളിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.