ധൈര്യശാലിയാണ് അവൻ ഇന്ത്യൻ ടീമിൽ അവൻ വേണം!! പുകഴ്ത്തി മുൻ താരം

ഗുജറാത്ത് ടൈറ്റൻസിനെതിരായ രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ പ്രധാന പങ്കാളിയായത് നായകൻ സഞ്ജു സാംസനായിരുന്നു. മത്സരത്തിൽ നിർണായക സമയത്ത് ക്രീസിലെത്തിയ സഞ്ജു സാംസൺ ഗുജറാത്ത് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയുണ്ടായി. റാഷിദ് ഖാൻ അടക്കമുള്ള എല്ലാ ബോളർമാരും സഞ്ജു സാംസന്റെ ബാറ്റി mന്റെ ചൂടറിഞ്ഞു. മത്സരത്തിൽ 32 പന്തുകളിൽ 60 റൺസാണ് സഞ്ജു സാംസൺ നേടിയത്. സഞ്ജുവിന്റെ ഈ ഇന്നിങ്സാണ് മത്സരത്തിൽ രാജസ്ഥാന് മുൻതൂക്കം നൽകിയത്.ആദ്യ സമയങ്ങളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടമായ സാഹചര്യത്തിലും സഞ്ജു കാണിച്ച ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഇപ്പോൾ.

സഞ്ജുവിന്റെ പ്രകടനം എടുത്തു പറയാതിരിക്കാനാവില്ല എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്. “സഞ്ജു മത്സരത്തിൽ കളിച്ചത് ഒരു നായകന്റെ ഇന്നിംഗ്സാണ്. സഞ്ജുവിനെ പോലെയുള്ള കളിക്കാർക്ക് മറ്റു കളിക്കാരെക്കാൾ ധൈര്യമുണ്ട്. അയാൾ ഒരു സ്പെഷ്യൽ കളിക്കാരനാണ്. മത്സരത്തിൽ ഹെറ്റ്മെയ്റെക്കാൾ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചത് സഞ്ജു സാംസണാണ്. കാരണം അദ്ദേഹമാണ് മത്സരം നിയന്ത്രിച്ചത് ഹെറ്റ്മെയ്ർ മത്സരം ഫിനിഷ് ചെയ്യുകയാണ് ചെയ്തത്.”- ഹർഭജൻ സിംഗ് പറഞ്ഞു.

ഇതോടൊപ്പം അവസാന ഓവറുകൾ വരെ മത്സരം എത്തിക്കാനുള്ള സഞ്ജുവിന്റെ ആത്മവിശ്വാസത്തെയും ഹർഭജൻ പ്രശംസിക്കുകയുണ്ടായി. “നമ്മളുടെ കഴിവിൽ നമുക്ക് വിശ്വാസമുണ്ടെങ്കിൽ മത്സരം അവസാന ഓവർ വരെ എത്തിക്കാൻ സാധിക്കും. മഹേന്ദ്ര സിംഗ് ധോണി അത്തരത്തിലാണ് മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കാറുള്ളത്. കാരണം അയാളുടെ കഴിവിൽ അയാൾക്ക് യാതൊരു സംശയവുമില്ല. അവസാന ഓവർ വരെ തനിക്ക് തുടരാൻ സാധിക്കുകയാണെങ്കിൽ മത്സരം ഫിനിഷ് ചെയ്യാനും സാധിക്കുമെന്ന് ധോണിക്കറിയാം.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുന്നു.

“മത്സരത്തിൽ ഹെറ്റ്മെയ്റും മികച്ച രീതിയിൽ കളിച്ചു. അയാൾ അവസാനം വരെ നിൽക്കുകയും മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാൽ മത്സരം അവസാനം വരെ എത്തിച്ചത് സഞ്ജു സാംസൺ തന്നെയാണ്. സഞ്ജുവിന് ഒരുപാട് കഴിവുകളുണ്ട്. അയാൾ ഇന്ത്യക്കായി കളിക്കണം”- ഹർഭജൻ സിംഗ് പറഞ്ഞു വയ്ക്കുന്നു.

Rate this post