10 മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ 10-0ന് ജയിച്ചേനെ!! കം ഗാ രുക്കളെ ട്രോളി ക്കൊ ന്ന് ഭാജി!!
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ദയനീയമായ പരാജയം തന്നെയായിരുന്നു ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 123 റൺസിനും പരാജയമറിഞ്ഞ ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുകയുണ്ടായി. പരമ്പരയിൽ രണ്ടു മത്സരങ്ങൾ അവശേഷിക്കെ ഓസ്ട്രേലിയക്കെതിരെ ട്രോളുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഓസ്ട്രേലിയ പൂർണമായും ഒരു ഡ്യൂപ്ലിക്കേറ്റ് ടീമാണ് എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്.
ഓസ്ട്രേലിയ കൂടുതലായും അവരുടെ നെഗറ്റീവ് കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത് എന്ന് ഹർഭജൻ പറയുന്നു. “ഓസ്ട്രേലിയ രവിചന്ദ്രൻ അശ്വിന്റെ ഡ്യൂപ്ലിക്കേറ്റിനെതിരെ പരിശീലനം നടത്തുന്നുണ്ടായി. പക്ഷേ എനിക്ക് തോന്നുന്നത് ഓസ്ട്രേലിയൻ ടീം പൂർണ്ണമായും ഡ്യൂപ്ലിക്കേറ്റാണ് എന്നാണ്. പൂർണ്ണമായും നെഗറ്റീവ് കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാണ് അവരുടെ നിലവിലെ മനോഭാവം. അവർ ഒരുപാട് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയതിലൂടെ, ആദ്യ ബോൾ എറിയുന്നതിനു മുൻപ് മത്സരങ്ങളിൽ പരാജയപ്പെട്ടു. ഈ പര്യടനത്തിനായി അവർ കൃത്യമായ തയ്യാറെടുപ്പ് നടത്തിയതായി എനിക്ക് തോന്നുന്നില്ല. അവരുടെ പ്രകടനങ്ങൾ ശ്രദ്ധിക്കുമ്പോൾ ഔട്ടാവാൻ മാത്രമാണ് അവർ പരിശീലനം നടത്തിയത് എന്ന് തോന്നുന്നു.”- ഹർഭജൻ സിംഗ് പറയുന്നു.
“ഈ പരമ്പര ഇന്ത്യ 4-0ന് സ്വന്തമാക്കും എന്നതിൽ എനിക്ക് യാതൊരുവിധ സംശയവുമില്ല. ഇതൊരു പത്തു മത്സരങ്ങളുള്ള പരമ്പര ആയിരുന്നെങ്കിൽ ഇന്ത്യ 10-0ത്തിന് നേടിയേനെ. കാരണം ഓസ്ട്രേലിയയിൽ യാതൊരുവിധ നല്ല മനോഭാവവുമില്ല. പിച്ചിൽ എന്തെങ്കിലും പ്രത്യേകമായിട്ടുണ്ടെങ്കിൽ ഡ്രസ്സിംഗ് റൂമിൽ വെച്ച് തന്നെ വിക്കറ്റ് വലിച്ചെറിയാൻ തയ്യാറായാണ് അവർ വരുന്നത്.”- ഹർഭജൻ കൂട്ടിച്ചേർത്തു.
ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെയും ദയനീയ പരാജയങ്ങൾ ഓസ്ട്രേലിയയെ വലിയ രീതിയിൽ അലട്ടിയിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ വിജയം കണ്ടില്ലെങ്കിൽ ഓസ്ട്രേലിയയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകളെ പോലും അത് ബാധിക്കാൻ സാധ്യതയുണ്ട്. മാർച്ച് ഒന്നിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.