ക്യാപ്റ്റൻ രോഹിത് ഭയന്നിരിക്കുകയാണ്!! ക്യാപ്റ്റൻസിയും മാറും :അറിയിപ്പുമായി മുൻ പാക് താരം

ഇന്ത്യൻ നായകൻ രോഹിത് ശർമ പേടിച്ചു കൊണ്ടും ആശയക്കുഴപ്പത്തിലുമായിട്ടുമാണ് ടോസ് ചെയ്യാൻ പോയതെന്ന് മുൻ പാക് താരം മുഹമ്മദ് ഹഫീസ്. അദ്ദേഹത്തിൻ്റെ പേടി ടോസ് ചെയ്യാൻ നടക്കുമ്പോൾ ശരീരഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിരുന്നു എന്നും മുൻ പാക് താരം പറഞ്ഞു. ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെയും രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെയും തകർത്ത് രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീം ടോപ് ഫോറിൽ സ്ഥാനം നേടിയിരുന്നു. ഏഷ്യാകപ്പിലെ ഈ രണ്ടു മത്സരങ്ങൾ വിജയിച്ചതോടെ 35 വയസ്സുകാരനായ ഇന്ത്യൻ നായകൻ തന്റെ 31മത്തെ വിജയം കരസ്ഥമാക്കി.

ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിപ്പിച്ച നായകന്മാരിൽ ധോണിക്ക് ശേഷം രണ്ടാം സ്ഥാനത്തേക്ക് രോഹിത് ഉയർന്നു. അതേസമയം മുൻ പാക് നായകന് രോഹിത് ശർമയുടെ ശരീരഭാഷ അത്രയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. രോഹിത് ശർമ പേടിച്ചിട്ടുണ്ടെന്നും ആശയക്കുഴപ്പത്തിലാണെന്നും, അദ്ദേഹത്തിൻ്റെ ശരീരഭാഷ വളരെ മോശമാണെന്നും തോന്നിപ്പിക്കുന്ന ഒരു വീഡിയോ മുൻ പാക് നായകൻ തന്റെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. നായകനായുള്ള സമ്മർദ്ദം അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഹഫീസ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം.

“അദ്ദേഹത്തിൻ്റെ ആവിഷ്കാരം നോക്കുക. ഈ വീഡിയോ ഇന്ത്യ 40 റൺസിന് വിജയിച്ചതിനുശേഷം ആണ്. ഞാൻ സംസാരിക്കുന്നത് ടോസ് ചെയ്യാൻ പോയ സമയത്തുള്ള രോഹിത് ശർമയുടെ ശരീര ഭാഷയെ കുറിച്ചാണ്. വളരെ മോശം ശരീര ഭാഷയായിരുന്നു അത്. അദ്ദേഹം ആശയക്കുഴപ്പത്തിലായതു പോലെയും പേടിച്ചതുപോലെയുമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായത് നായക സ്ഥാനം അദ്ദേഹത്തിന് ഒരുപാട് സമ്മർദ്ദം നൽകുന്നുണ്ടെന്നും, അദ്ദേഹം ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ ഐപിഎൽ അദ്ദേഹത്തിന് മികച്ച സീസൺ ആയിരുന്നില്ല. ഐപിഎല്ലിന് ശേഷവും ഇന്ത്യൻ ടീമിൽ മികച്ച സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇന്ത്യയെ നയിക്കുന്നതിന്റെ സമ്മർദ്ദത്തിന്റെ കൂടെ അദ്ദേഹം പല ഇടവേളകളിലും പോസിറ്റീവായി കളിക്കുന്നതിനെക്കുറിച്ചും മറ്റും സംസാരിക്കാറുണ്ട്.

എന്നാൽ അതൊന്നും കളിക്കളത്തിൽ കാണാറില്ല. അദ്ദേഹത്തിൻ്റെ ശരീരഭാഷയിൽ പോലും അത് പ്രകടമല്ല. വായ കൊണ്ട് പറയാൻ എളുപ്പമാണ്, എന്നാൽ അത് കളിക്കളത്തിൽ കാണിച്ചുകൊടുക്കുവാൻ വളരെയധികം ബുദ്ധിമുട്ടാണ്. അദ്ദേഹം അധിക കാലം ഇന്ത്യയുടെ നായകനായി തുടരുകയില്ല. രോഹിത് ശർമയുടെ തലയിലൂടെ ഒരുപാട് കാര്യങ്ങൾ പോകുന്നുണ്ട്, അദ്ദേഹം കടുത്ത സമ്മർദ്ദം അനുഭവിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നുണ്ട്.”- ഹഫീസ് പറഞ്ഞു