വിരാട് കോഹ്ലിക്കും ഈ പാക്കിസ്ഥാൻ താരത്തിനും സംഭവിച്ച പ്രശ്നം ഒന്നാണ് ; അതിനുള്ള പ്രതിവിധി നിർദ്ദേശിച്ച് മുൻ പാക് ക്യാപ്റ്റൻ

ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ അഭിമാനമായ താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കരിയറിന്റെ തുടക്കം മുതൽ വിവിധ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് ക്രിക്കറ്റ് ആരാധകരെ എന്നും അത്ഭുതപ്പെടുത്തിയിരുന്ന ബാറ്ററാണ് കോഹ്‌ലി. എന്നാൽ, കഴിഞ്ഞ മൂന്നു വർഷക്കാലമായി കോഹ്ലി തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്.

ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുകയും ബാറ്റിംഗിൽ ഫോം കണ്ടെത്താൻ പരാജയപ്പെടുകയും ചെയ്തതോടെ കോഹ്ലിയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് തുടങ്ങിയ വിമർശനങ്ങൾക്ക് വരെ പല കോണുകളിൽ നിന്നും ഉയരാൻ ആരംഭിച്ചു. ചിലർ കോഹ്ലിക്ക് സംഭവിച്ചത് എന്താണെന്ന് ചൂണ്ടിക്കാണിക്കുകയും അതിന് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ഇപ്പോൾ മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസും കോഹ്‌ലിക്ക് എന്താണ് സംഭവിച്ചതെന്നും എന്താണ് ഇനി അദ്ദേഹം ചെയ്യേണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.

കോഹ്‌ലിക്കും പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹസൻ അലിക്കും സംഭവിച്ചത് ഒരേ പ്രശ്നമാണ് എന്നാണ് മുഹമ്മദ് ഹഫീസ് അഭിപ്രായപ്പെടുന്നത്. ഇരുവർക്കും തുടർച്ചയായി മത്സരങ്ങൾ കളിച്ചത് കൊണ്ടുള്ള മാനസിക സമ്മർദ്ദം ആണെന്നാണ് ഹഫീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് കളിക്കളത്തിൽ നിന്ന് കുറച്ചുനാൾ വിശ്രമം എടുക്കണമെന്നും എന്നിട്ട് മികച്ച ഫോമോടുകൂടി തിരിച്ചുവരണം എന്നുമാണ് ഹഫീസ് നിർദ്ദേശിക്കുന്നത്.

“കോഹ്‌ലി ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്. അദ്ദേഹത്തിന് ഒറ്റയ്ക്ക് ഒരു കളി ജയിപ്പിക്കാനുള്ള കഴിവുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം തന്റെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഹസൻ അലിക്ക് സംഭവിച്ചത് തന്നെയാണ് കോഹ്‌ലിക്കും സംഭവിച്ചത്. മാനസിക സമ്മർദ്ദം. ഇതിന് ഒരു പരിഹാരം വിശ്രമം എടുക്കുക എന്നതാണ്. അവർ കുറച്ചുനാൾ വിശ്രമിക്കട്ടെ എന്നിട്ട് മികച്ച ഫോമോടുകൂടി തിരിച്ചു വരട്ടെ,” ഹഫീസ് പറഞ്ഞു.