ലോകകപ്പിലെ അടുത്ത മത്സരത്തിൽ നിന്ന് ഹാർദിക് പാണ്ഡ്യ പുറത്തേക്കോ?

ടി20 ലോകകപ്പിൽ നാളെ (ഒക്ടോബർ 27) നടക്കാനിരിക്കുന്ന നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ, ടീമിൽ ചില പരീക്ഷണങ്ങൾ നടത്താൻ പദ്ധതിയിട്ട് ടീം ഇന്ത്യ. പ്രധാനമായും പാകിസ്താനെതിരായ മത്സരത്തിൽ ക്രാമ്പ്സ്‌ അനുഭവപ്പെട്ട ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കും. കളിക്കാരുടെ ഫിറ്റ്നസിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്ലാൻ ആണ് ടീം മാനേജ്മെന്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

പാകിസ്ഥാനെതിരായ മത്സരത്തിൽ അക്സർ പട്ടേൽ ഫോം ഔട്ട് ആയതിനാൽ, ഹാർദിക്കിന് 4 ഓവറുകൾ മുഴുവൻ ബൗൾ ചെയ്യേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ, ഓൾറൗണ്ടറുടെ ഫിറ്റ്നസിന് പ്രാധാന്യം നൽകിക്കൊണ്ട്, അദ്ദേഹത്തെ നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ ബെഞ്ചിൽ ഇരുത്തുകയും, പകരം ദീപക് ഹൂഡയെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

സ്പിൻ ഓൾറൗണ്ടർ ആയ ദീപക് ഹൂഡ പ്ലെയിങ് ഇലവനിലേക്ക് വരുമ്പോൾ, കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ച അക്സർ പട്ടേലിനെ മാറ്റി പകരം ഹർഷൽ പട്ടേലും സ്റ്റാർട്ടിങ് ഇലവനിൽ കളിച്ചേക്കാം. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ ഇരുന്നിരുന്ന ഋഷഭ് പന്ത്, യുസ്വേന്ദ്ര ചഹൽ എന്നിവർക്കും നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ അവസരം നൽകാൻ സാധ്യതയുണ്ട്.

നെതർലാൻഡ്‌സിനെതിരായ മത്സരത്തിന് ശേഷം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ടീമിന്റെ പ്രധാന താരങ്ങളുടെ ഫിറ്റ്നസ് നിലനിർത്തുക എന്നതിനാണ് ഇപ്പോൾ ടീം മാനേജ്മെന്റ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെയാണ്, നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കാൻ ടീം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.