മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസിന് ബേധപ്പെട്ട ടോട്ടൽ കണ്ടെത്താനായി. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ (7) നഷ്ടമായെങ്കിലും, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (50*), അഭിനവ് മനോഹർ (35) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടൈറ്റൻസിന് ആശ്വാസമയത്.
ക്രീസിൽ നാലാമനായി എത്തിയ ഹാർദിക് പാണ്ഡ്യ, 42 പന്തിൽ 4 ഫോറും ഒരു സിക്സും ഉൾപ്പടെ 119.05 സ്ട്രൈക്ക് റേറ്റോടെയാണ് 50 റൺസ് നേടിയത്. ഇന്നിംഗ്സിന്റെ 9-ാം ഓവറിൽ ഐഡൻ മാർക്രത്തിനെതിരെയാണ് ഹാർദിക് തന്റെ ഇന്നിംഗ്സിലെ ഏക സിക്സ് നേടിയത്. ഈ സിക്സിലൂടെ ഒരു അപൂർവ്വ റെക്കോർഡും ഇന്ത്യൻ ഓൾറൗണ്ടറെ തേടിയെത്തി.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറവ് ബോളിൽ 100 സിക്സ് നേടുന്ന ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. 1046 പന്തിലാണ് ഹാർദിക് 100 സിക്സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. നേരത്തെ, 1224 പന്തിൽ ഈ നേട്ടം കൈവരിച്ച ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ആയിരുന്നു ഈ പട്ടികയിൽ ഒന്നാമത്. എന്നാൽ, മൊത്തത്തിലുള്ള കണക്കെടുത്താൽ ഹാർദിക്കിന്റെ സ്ഥാനം മൂന്നാമതാണ്.
657 പന്തിൽ 100 സിക്സ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ ആണ് ഐപിഎൽ ചരിത്രത്തിൽ അതിവേഗം 100 സിക്സ് നേട്ടം കൈവരിച്ച താരം. 943 പന്തിൽ ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇൻഡീസ് സ്റ്റാർ ബാറ്റർ ക്രിസ് ഗെയ്ൽ ആണ് ഈ എലൈറ്റ് പട്ടികയിൽ രണ്ടാമൻ.