തലപടക്ക് തോൽവിയോടെ തുടക്കം!! 5 വിക്കെറ്റ് ജയവുമായി ഹാർഥിക്ക് പാന്ധ്യയും ടീമും | IPL 2023

IPL 2023;ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസിന്റെ തേരോട്ടം. ആവേശഭരിതമായ മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് ഗുജറാത്ത് ചെന്നൈയെ പരാജയപ്പെടുത്തിയത്. ശുഭ്മാൻ ഗില്ലിന്റെ ഉഗ്രൻ ബാറ്റിംഗ് പ്രകടനവും ഷാമി, റാഷിദ് ഖാൻ, അൾസാരി ജോസഫ് എന്നിവരുടെ ബോളിംഗ് മികവുമാണ് ഗുജറാത്തിനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. 2022ലെ ചാമ്പ്യന്മാരായ ഗുജറാത്തിന് വമ്പൻ തുടക്കം തന്നെയാണ് ഈ വിജയത്തോടെ 2023ലും ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ചെയ്സ് ചെയ്യാനായിരുന്നു ഹർദിക്ക് പാണ്ട്യയുടെ തീരുമാനം. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ മുഹമ്മദ് ഷാമി ഓപ്പണർ ഡെവൻ കോൺവേയെ(1) വീഴ്ത്തി. പിന്നാലെയെത്തിയ മോയിൻ അലി(23) ഋതുരാജിനൊപ്പം ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ റാഷിദ് ഖാൻ എത്തിയതോടെ അലി അടിയറവ് പറയുകയായിരുന്നു. ചെന്നൈ ബാറ്റിംഗിൽ ഋതുരാജ് മാത്രമാണ് വമ്പൻ പ്രകടനം കാഴ്ചവച്ചത്. ഇന്നിംഗ്സിൽ 50 പന്തുകൾ നേരിട്ട ഋതുരാജ് 92 റൺസ് നേടുകയുണ്ടായി. 4 ബൗണ്ടറികളും 9 സിക്സറുകളുമായിരുന്നു ഋതുരാജിന്റെ ഇന്നിംഗ്സിന് പകിട്ടേകിയത്. ഋതുരാജിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 178 റൺസാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയത്.Ruturaj Gaikwad

മറുപടി ബാറ്റിംഗിൽ ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് ഗുജറാത്ത് ടൈറ്റൻസിന് ലഭിച്ചത്. ഓപ്പണർമാരായ ശുഭമാൻ ഗില്ലും വൃദ്ധിമാൻ സാഹയും(25) ഗുജറാത്തിനായി അടിച്ചുതകർത്തു. മറുവശത്ത് ചെന്നൈയുടെ പേസ് ബോളിങ്ങിലെ വീക്ക്നെസ്സ് ആദ്യ മത്സരത്തിൽ തന്നെ ദൃശ്യമാകുന്നതാണ് കണ്ടത്. ശുഭമാൻ ഗിൽ മത്സരത്തിൽ 36 പന്തുകളിൽ 6 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ 63 റൺസ് നേടി. അവസാന ഓവറുകളിൽ റാഷിദ് ഖാനും(10) രാഹുൽ തീവാട്ടിയയും(15) ഗുജറാത്തിനായി കളം നിറയുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകൾക്കായിരുന്നു ഗുജറാത്തിന്റെ വിജയം.

ഗുജറാത്തിനെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകൾ എടുത്തുപറയാവുന്ന മത്സരമാണ് അവസാനിച്ചിരിക്കുന്നത്. ബോളിങ്ങിലും ബാറ്റിങ്ങിലും ചെന്നൈ ടീമിന്മേൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ മത്സരത്തിലൂടനീളം ഗുജറാത്തിന് സാധിച്ചു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ കെയിൻ വില്യംസണ് പരിക്കുപറ്റിയത് ഗുജറാത്തിനെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഇത്തരം പ്രകടനങ്ങൾ ഇനിയും ആവർത്തിച്ച് വീണ്ടും കിരീടം ഉയർത്താൻ തന്നെയാണ് ഗുജറാത്തിന്റെ ശ്രമം.

Rate this post