ഇന്ത്യന്‍ വോളിയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍,കെ ജെ കപിൽദേവ് .

0

പിഴക്കാത്ത കരുനീക്കളുമായി,ചടുല ചുവടുകളും ചലനവേഗങ്ങളുമായി എതിരാളികളുടെ മുന്‍കരുതലുകളെ നിഷ്പ്രഭമാക്കി തന്‍റെ കൈവിരലുകള്‍ കൊണ്ട് വോളി കോര്‍ട്ടുകളില്‍ ഇന്ദ്രജാലമൊരുക്കി വോളിബോളിന്‍റെ പ്രേമലാസ്യഭാവങ്ങള്‍ കൊണ്ട് നടനവിസ്മയം തീര്‍ക്കുന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സെറ്റര്‍മാരിലൊരാള്‍.83 ല്‍ ഇന്ത്യാ മഹാരാജ്യത്തിന് ആദ്യമായി ക്രിക്കറ്റ് ലോകക്കപ്പിന്‍റെ വിജയമുഹൂര്‍ത്തം സമ്മാനിച്ച ആ നായകന്‍റെ സുന്ദരനാമം.അതെ.. ഇന്ത്യന്‍ വോളിബോളിന്‍റെ വിജയമുഹൂര്‍ത്തങ്ങള്‍ക്കും പടനയിച്ച ആ കരുത്തനായ അമരക്കാരന്‍.ഇന്ത്യയുടെയും കേരളക്കരയുടെയും അഭിമാനതാരകം❤ഏറെ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ ഞങ്ങള്‍ അവതരിപ്പിക്കട്ട .K J KAPILDEV.1978-ജൂണ്‍ 31ന് തിരുവന്തപുരം ജില്ലയിലെ വര്‍ക്കലക്കടുത്ത് വടശ്ശേരികോണം എന്ന എന്ന ഗ്രാമത്തില്‍ കൃഷ്ണവിലാസം ഡി.ജയപ്രകാശിന്‍റെയും സുമത്തിന്‍റെയും മൂത്തമകനായി ജനനം.ചേട്ടന്‍റെ പാത പിന്തുടര്‍ന്ന പ്രശസ്തി നേടിയ മറ്റൊരു താരമാണ് അനിയന്‍ കെ.ജെ ജയലാല്‍..സെറ്റര്‍ തന്നെയായ ജയലാല്‍ കൊച്ചിന്‍ കസ്റ്റംസിലാണ് ജോലി ചെയ്യുന്നത്..തന്‍റെ 13ാം വയസില്‍ നാട്ടിലെ വോളി ക്ളബായ YCVC (Young Challengers Volleyball Club -വടശ്ശേരിക്കോണം) ലൂടെ യായിരുന്നു കപില്‍ദേവിന്‍റെ വോളിബോള്‍ രംഗപ്രവേശനം.ഞേക്കാട് ഗവ:ഹൈസ്ക്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.1993 ല്‍ സബ് ജൂനിയര്‍ നാഷ്ണല്‍ കളിച്ചു കൊണ്ടാണ് തന്‍റെ സംഭവബഹുലമായ കരിയറിന് തുടക്കം കുറിക്കുന്നത്,94 ലും സബ് ജൂനിയര്‍ നാഷ്ണല്‍ കളിച്ച താരം 95ലും 96 ലും കേരള യൂണിവേഴ്സിറ്റി കളിച്ചു കരുത്ത് തെളിയിച്ചു..വര്‍ക്കല എസ്.എന്‍ കോളേജിലായിരുന്നു ഡിഗ്രി പഠനം.. 95.96.97 വര്‍ഷങ്ങളില്‍ യൂത്ത് നാഷ്ണലില്‍ തിളങ്ങിയ താരം 97 ല്‍ തിരുവനന്തപുരം കെ.സ്.ഇ.ബി യില്‍ പ്രവേശിച്ചു..98 ല്‍ ജൂനിയര്‍ ഇന്ത്യന്‍ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട കപില്‍ ഇറാനില്‍ വെച്ചു നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞു..

ആ വര്‍ഷം തന്നെ തായ്ലന്‍ഡില്‍ വെച്ചു നടന്ന ജൂനിയര്‍ വേള്‍ഡ് ക്വാളിഫയിങ് റൗണ്ടിലും കപില്‍ തന്നെയായിരുന്നു ഇന്ത്യന്‍ സെറ്ററുടെ റോള്‍ കൈകാര്യം ചെയ്തത്.
രണ്ടു വര്‍ഷം വൈദ്യുതി ബോര്‍ഡിന് വോള്‍ട്ടേജ് കൂട്ടിയ കപില്‍ പിന്നീട് 99 ല്‍ സതേണ്‍ റെയില്‍വേയിലേക്ക് ചുവടുമാറി..2000 ത്തില്‍ ദുബായില്‍ വെച്ചു നടന്ന റാഷിദ് ഇന്‍റര്‍നാഷ്ണല്‍ വോളി ടൂര്‍ണമെന്‍റിലും 2001 ലെ സീനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും (ചൈന) 2002 ലെ ഏഷ്യന്‍ ഗെയിംസിലും 2003 ഏഷ്യന്‍ ഗെയിംസിലും (ചൈന) കളിച്ചു കൊണ്ട് കപില്‍ ഇന്ത്യന്‍ ടീമിന്‍റെ അവിഭാജ്യഘടകമായി മാറി..2004 ല്‍ നടന്ന സാഫ് ഗെയിംസില്‍ (ഇസ്ളാമാബാദ്) ഇന്ത്യന്‍ ടീം കിരീടം ചൂടിയപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ച കൈവിരലുകള്‍ മറ്റാരുടേതുമായിരുന്നില്ല…2005 ലെ സീനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ (താഴ്ലന്‍ഡ്) വേള്‍ഡ് ക്വാളിഫയിങ് ടൂര്‍ണമെന്‍റ് (ചെന്നൈ) കൂടാതെ 2006 ലെ ഏഷ്യന്‍ ഗെയിംസ് (ക്യാപ്റ്റന്‍-ദോഹ), ആ വര്‍ഷം ശ്രീലന്കയില്‍ വെച്ചു നടന്ന സാഫ് ഗെയിംസിലും തന്‍റെ നായകത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം ചാമ്പ്യന്‍മാരായി..2007 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും (ഇന്‍ഡൊനീഷ്യ) കപില്‍ ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങി..2009 ല്‍ ഇറാനില്‍ വെച്ചു നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ ക്വാളിഫയിങ് റൗണ്ടില്‍ ടീം ഇന്ത്യ സില്‍വര്‍ മെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍റെ പദവി അലന്കരിച്ചതും ഈ പ്രതിഭയായിരുന്നു.2010 ല്‍ ബംഗ്ളാദേശിലെ ധാക്കയില്‍ വെച്ചു നടന്ന സാഫ് ഗെയിംസിലും 2011 ലെ പ്രസിഡന്‍സ് കപ്പിലും (കസാക്കിസ്ഥാന്‍) മുത്തമിടാന്‍ കഴിഞ്ഞതിനു പിന്നിലും ഈ കൈവിരലുകളുടെ കരവിരുത് തന്നെയാണ്..2012 ല്‍ ജര്‍മനിയില്‍ വെച്ചു നടന്ന ഒളിംപിക് ക്വാളിഫയിങ് ടൂര്‍ണമെന്‍റില്‍ 159 അറ്റംപ്റ്റുകളില്‍ 10 ആവറേജില്‍ ഒരൊറ്റ പിഴവുകള്‍ പോലുമില്ലാതെ ബെസ്റ്റ് സെറ്റര്‍ അവാര്‍ഡ് വാങ്ങിയിട്ടുണ്ട് ഈ വര്‍ക്കലക്കാരന്‍.

കെ.ജെ ഒരു റോള്‍മോഡലാണ്..കളിക്കളത്തിന് പുറത്ത് നിന്ന് നോക്കുമ്പോള്‍ അധിക ഭാവഭേദങ്ങളൊന്നുമില്ലാതെ സൗമ്യനായി കളിക്കാനെത്തുന്ന ഒരു ജെന്‍റില്‍മാന്‍ പ്ളെയര്‍..ഇതുപോലൊരു സെറ്ററുടെ പന്തുകള്‍ക്കായി കൊതിക്കാത്ത അറ്റാക്കര്‍മാരില്ല..മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉയരം കൂടിയ ഇന്ത്യന്‍ സെറ്ററായിരുന്നു കെ.ജെ..അതുകൊണ്ടു തന്നെ ഒരു ബ്ളോക്കറും ഗുണവും ഈ സെറ്ററിനുണ്ട്.
ഞൊടിയിടയില്‍ കെ.ജെ ഇടുന്ന കണ്ണഞ്ചിപ്പിക്കുന്ന ഡ്രോപ്പുകള്‍ എതിര്‍പാളയത്തില്‍ വല വിരിച്ചു നില്‍ക്കുന്ന ചൈനാ വന്‍മതിലുകള്‍ക്ക് നിസഹായാവസ്ഥയോടെ നോക്കി നില്‍ക്കാനെ സാധിക്കുകയുള്ളൂ..ഇന്ത്യയില്‍ വരുന്ന സെറ്റര്‍മാര്‍ക്ക് ബെഞ്ചമിനോ..ബ്രൂണോയോ മെഹ്റൂഫോ ഒന്നും ആകേണ്ട അവര്‍ക്ക് കപില്‍ദേവിനെ പോലെയൊരു സെറ്റര്‍ ആയാമതിയായിരുന്നു എന്നതാവും ആഗ്രഹം.അതു തന്നെയാണ് കപില്‍ദേവ് എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സെറ്ററുടെ ക്വാളിറ്റിയും.തന്‍റെ ആക്രമണ ആയുധങ്ങളെ തേച്ചുമിനുക്കാനും ഫലപ്രദമായി ഉപയോഗിക്കാനും അവരുടെ മനസും ശരീരവും ചലനങ്ങളും തിരിച്ചറിഞ്ഞ് ഏത് ആംഗിളുകളില്‍ നിന്നും ശരിയായ സ്ഥാനത്തേക്ക്..ശരിയായ അളവില്‍..ശരിയായ സമയത്ത് പന്തെത്തിച്ച് കൊടുക്കുവാനുള്ള കപില്‍ദേവിന്‍റെ വിനിയോഗ ശാസ്ത്രം പുതുതലമുറയിലെ സെറ്റര്‍മാര്‍ പാഠമാക്കേണ്ടതാണ്.1997 ല്‍ ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായ് കേരളത്തിന് വേണ്ടി ഇറങ്ങുകയും ചരിത്രതിലാദ്യമായി കേരളം ദേശീയ ചാമ്പ്യന്‍മാരായപ്പോഴും റഷ്യയില്‍ വെച്ചു നടന്ന ലോക റെയില്‍വേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ റെയില്‍വേ വിജയകിരീടമണിഞ്ഞതുമാണ് വോളിബോളില്‍ തനിക്ക് ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ നിമിഷങ്ങള്‍ സമ്മാനിച്ചതെന്ന് കെ.ജെ തുറന്നു പറയുന്ന ,രണ്ടു അഭിമാന വിജയങ്ങളിലും വിലമതിക്കാനാകാത്ത സംഭാവനകളാണ് ഈ കൈകളില്‍ നിന്ന് പിറവിയെടുത്ത്. മെഹ്‌താഫ് അബ്ദുൽഖാദർ