ഇന്ത്യയുടെ ലോകകപ്പ് വിജയം ആഘോഷിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ച; ചൊറിയാൻ വന്ന പാക് ആരാധകനെ മാന്തി വിട്ട് ഗൂഗിൾ സിഇഒ

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിലെ വിജയം വീണ്ടും കണ്ട് ദീപാവലി ആഘോഷിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ്. പാകിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്സിലെ അവസാന 3 ഓവറുകൾ താൻ വീണ്ടും കണ്ടു എന്നും, ആ വിന്നിങ് മൊമെന്റിനൊപ്പം ആണ് ദീപാവലി ആഘോഷിച്ചത് എന്നും ഗൂഗിൾ സിഇഒ ട്വീറ്റ് ചെയ്തു. മത്സരം ഇന്ത്യയുടെ കൈവിട്ടു പോകും എന്ന് തോന്നിപ്പിച്ചെങ്കിലും, അവസാന മൂന്ന് ഓവറുകളിൽ വിരാട് കോഹ്‌ലിയും ഹാർദിക് പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.

“അവസാന മൂന്ന് ഓവറുകൾ വീണ്ടും കണ്ടാണ് ഞാൻ ദീപാവലി ആഘോഷിച്ചത്. എന്തൊരു മത്സരം, എന്തൊരു പ്രകടനം,” സുന്ദർ ട്വീറ്റ് ചെയ്തു. എന്നാൽ, സുന്ദറിന്റെ ട്വീറ്റിന് ഒരു പാകിസ്ഥാൻ ആരാധകൻ പരിഹാസ രൂപേണയുള്ള ഒരു കമന്റ് നൽകി. “ആദ്യത്തെ മൂന്ന് ഓവറുകളും വീണ്ടും കാണേണ്ടതായിരുന്നു,” എന്നാണ് സുന്ദരിന്റെ ട്വീറ്റിന് കമന്റ്‌ ആയി പാകിസ്ഥാൻ ആരാധകൻ കുറിച്ചത്.

ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്സിലെ ആദ്യ മൂന്ന് ഓവറുകൾ ഇന്ത്യക്ക് അത്ര മികച്ചതല്ലായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ, ഓപ്പണർ കെഎൽ രാഹുൽ എന്നിവരുടെ വിക്കറ്റുകൾ ആദ്യ മൂന്ന് ഓവറുകളിൽ തന്നെ നഷ്ടമായിരുന്നു. അതുകൊണ്ടാണ് ആ ഓവറുകളെ പാക്കിസ്ഥാൻ ആരാധകൻ പ്രത്യേകം എടുത്തു പറഞ്ഞത്. എന്നാൽ പാകിസ്ഥാൻ ആരാധകന്റെ കമന്റിന് സുന്ദർ നൽകിയ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്.

“അതും കണ്ടു. ഭൂവനേശ്വറും അർഷദീപും എന്തൊരു സ്പെൽ ആണ് പുറത്തെടുത്തത്,” സുന്ദർ മറുപടി നൽകി. പാകിസ്ഥാൻ ബാറ്റിംഗ് ഇന്നിംഗ്സിന്റെ ആദ്യ മൂന്നു ഓവറുകളിൽ, പാകിസ്താന് ഓപ്പണർ മുഹമ്മദ്‌ റിസ്വാൻ, ക്യാപ്റ്റൻ ബാബർ അസം എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ഗൂഗിൾ സിഇഒ നൽകിയ തകർപ്പൻ മറുപടി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റെടുക്കുകയും, സുന്ദറിന്റെ വാചകത്തെ അനുവദിക്കുകയും ചെയ്തു.