ഉദ്ഘാടനം കാണാൻ പോയി സ്റ്റാർ ആൾറൗണ്ടറായി മാറി 😱പിന്നീട് നടന്നത് ഒന്നും അല്ലാതെയായ കരിയർ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വഴി ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ് പേസർ മൻപ്രീത് സിംഗ് ഗോണി. 2008 ഐപിഎൽ പ്രഥമ സീസൺ കണ്ടെത്തിയ യുവതാരങ്ങളിൽ ഒരാൾ. ഗോണിയുടെ ഐപിഎൽ ചരിത്രം അറിയുന്നതിന് മുൻപ്, ഗോണി എങ്ങനെ ക്രിക്കറ്റിൽ എത്തി എന്ന് അറിയേണ്ടതുണ്ട്. കാരണം, മൻപ്രീത് സിംഗ് ഗോണി എന്ന ഇന്ത്യൻ പേസറുടെ ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത് തികച്ചും അപ്രതീക്ഷിതമായിയാണ്, പഞ്ചാബിലെ ഒരു ക്രിക്കറ്റ് അക്കാദമിയുടെ ഉദ്ഘാടനം കാണാൻ പോയ 16 കാരൻ, ഇന്ത്യൻ ദേശീയ ടീമിൽ എത്തിയ കഥ, ഗോണിയിലെ ക്രിക്കറ്ററെ കണ്ടെത്തിയ, അദ്ദേഹത്തിന്റെ ദീർഘകാല പരിശീലകൻ സുഖ്‌വീന്ദർ ടിങ്കൂ തന്നെ ഒരിക്കൽ പറയുകയുണ്ടായി.

2000-ത്തിൽ സുഖ്‌വീന്ദർ ടിങ്കൂ മൊഹാലിയിൽ തന്റെ നാലാമത്തെ അക്കാദമി തുറന്ന ദിവസമാണ്, ഗോണിയെ ആദ്യമായി കാണുന്നത്. “ഉയരമുള്ള ഒരു കൗമാരക്കാരൻ അക്കാദമിയുടെ ഉദ്ഘാടനം കാണാൻ വന്നിരുന്നു. എനിക്ക് എന്തോ അവനിൽ ഒരു ആകർഷണം തോന്നി. ഞാൻ അവനെ വിളിച്ച്, അവനോട് ബൗൾ ചെയ്യാൻ പറഞ്ഞു, മൻപ്രീത് ഗോണി ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി. പഞ്ചാബ് ജൂനിയർ ടീമുകളിൽ ഇടംനേടിയ ഗോണി, പിസിഎ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ട്രയലിൽ 10 വിക്കറ്റുകളും വീഴ്ത്തി എല്ലാവരെയും ഞെട്ടിച്ചു. അവന് നല്ല വേഗതയും കൃത്യതയും ഉണ്ടായിരുന്നു, അത് 2007-ൽ ആന്ധ്രയ്‌ക്കെതിരെ പഞ്ചാബിനായി സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാൻ അവന് സഹായകമായി. പിന്നീട് ഇന്ത്യയ്‌ക്കും ഐ‌പി‌എല്ലിലെ വിവിധ ടീമുകൾക്കുമായി അവൻ കളിക്കുന്നത് ഞാൻ കണ്ടു. പഞ്ചാബിന്റെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായിരുന്നു അദ്ദേഹം,” ടിങ്കൂ പറഞ്ഞു.

24 കാരനായ ഗോണി ഐ‌പി‌എല്ലിന്റെ ആദ്യ പതിപ്പിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറി, ടൂർണമെന്റിൽ 17 വിക്കറ്റുമായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നാലാമത്തെ ബൗളറുമായി. 2008-ൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി എം എസ് ധോണിയുടെ കീഴിൽ കളിക്കാൻ അവസരം ലഭിച്ചത് ഗോണിയുടെ കരിയർ മാറ്റിമറിച്ച നിമിഷമായിരുന്നു, അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായിരുന്നു താനെന്ന് അദ്ദേഹം തെളിയിച്ചു.

തുടർന്ന്, ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഗോണിക്ക്‌, ഇന്ത്യക്ക് വേണ്ടി 2 ഏകദിനങ്ങൾ മാത്രമേ കളിക്കാൻ സാധിച്ചൊള്ളു. പരിക്കുകളോട് മല്ലിട്ട ഗോണിക്ക്, പിന്നീട് ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിഞ്ഞില്ല. എന്നാൽ ഐപിഎല്ലിലും രഞ്ജി ട്രോഫിയിൽ പഞ്ചാബിന് വേണ്ടിയും ലഭിച്ച അവസരങ്ങൾ അദ്ദേഹം മതിപ്പുളവാക്കി. ഒടുവിൽ, പഞ്ചാബിനായി 61 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 44 ഐപിഎൽ മത്സരങ്ങളിലും ഇന്ത്യക്കായി രണ്ട് ഏകദിനങ്ങളിലും കളിച്ച ഗോണി, തന്റെ 12 വർഷത്തെ ഫസ്റ്റ് ക്ലാസ്, അന്താരാഷ്ട്ര കരിയറിന് 2019-ൽ തന്റെ 36-ാം വയസ്സിൽ വിരാമം കുറിച്ചു. ഇപ്പോഴും ക്രിക്കറ്റിൽ സജീവമായ ഗോണി, ലെജൻഡ്സ്‌ ലീഗ് ക്രിക്കറ്റിൽ ഇന്ത്യ മഹാരാജാസിന് വേണ്ടി കളിക്കുന്നു.