ഇന്ത്യ – ബംഗ്ലാദേശ് ചാറ്റോഗ്രാം ടെസ്റ്റിന്റെ മൂന്നാം ദിനം പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ചെതേശ്വർ പൂജാര (90), ശ്രേയസ് അയ്യർ (86), രവിചന്ദ്ര അശ്വിൻ (58) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 404 റൺസ് കണ്ടെത്തിയിരുന്നു. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശ്, ഇപ്പോൾ ഒന്നാം ഇന്നിങ്സിൽ 145-9 എന്ന നിലയിലാണ്. കുൽദീപ് യാദവ് ആണ് ബംഗ്ലാദേശ് ബാറ്റിംഗിന്റെ നടുവൊടിച്ചത്.
മത്സരത്തിൽ ഇതുവരെ 5 വിക്കറ്റുകൾ ആണ് കുൽദീപ് യാദവ് വീഴ്ത്തിയിരിക്കുന്നത്. മുഷ്‌ഫീഖുർ റഹീം (28), ശക്കിബ് അൽ ഹസ്സൻ (3), നൂറുൽ ഹസൻ (16), തൈജുൽ ഇസ്ലാം (0), ഇബാടോത് ഹൊസൈൻ (17) എന്നിവരുടെ വിക്കറ്റുകൾ ആണ് കുൽദീവ് യാദവ് വീഴ്ത്തിയത്. ഇതിൽ, ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ നൂറുൽ ഹസനെ കുൽദീപ് യാദവ് പുറത്താക്കിയ വിധം ശ്രദ്ധേയമായി. കുൽദീവ് യാദവ് എറിഞ്ഞ ഇന്നിങ്സിന്റെ 33-ാം ഓവറിലെ രണ്ടാമത്തെ ബോളിലാണ് നൂറുൽ ഹസൻ പുറത്തായത്.
കുൽദീപിന്റെ ബോൾ ലെഗ് സൈഡിലേക്ക് ടേൺ ചെയ്യുന്നതിന് അനുസരിച്ച്, നൂറുൽ ഹസൻ പിറകോട്ട് ഇറങ്ങി ഷോട്ട് എടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, നൂറുൽ ഹസന്റെ ബാറ്റിൽ തട്ടിയ ബോൾ ഷോട്ട് ലെഗിൽ ഫീൽഡ് ചെയ്തിരുന്ന ശുഭ്മാൻ ഗില്ലിന്റെ കൈകളിൽ അകപ്പെടുകയായിരുന്നു. മനോഹരമായ ഒരു റിഫ്ലക്സ് ക്യാച്ച് പൂർത്തിയാക്കിയ ശുഭ്മാൻ ഗിൽ, ഉടനെ സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന വിരാട് കോഹ്ലിയുടെ അരികിലേക്ക് ഓടുകയും തന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ക്യാച്ചിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്.
33-ാം ഓവറിലെ രണ്ടാമത്തെ ബോൾ കുൽദീപ് യാദവ് എറിയാൻ തയ്യാറെടുക്കുന്നതിന് മുന്നേ തന്നെ, ഷോട്ട് ലെഗിൽ ഫീൽഡ് ചെയ്തിരുന്ന ശുഭ്മാൻ ഗില്ലിനെ ക്യാമറമാൻ സൂം ചെയ്തിരുന്നു. ഗില്ലിനെ സൂം ചെയ്ത ഉടനെ എറിഞ്ഞ ആദ്യ ബോളിൽ തന്നെ ഗില്ലിന് ക്യാച്ച് എടുക്കാൻ ആയത് യാദൃശ്ചികമായി. മത്സരത്തിൽ, 40 റൺസ് സ്കോർ ചെയ്ത കുൽദീപ് യാദവ് ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകളിൽ വീഴ്ത്തിയിട്ടുണ്ട്.