മണ്ടത്തരത്തിന്റെ ആശാനായി ഗിൽ :വിക്കെറ്റ് നഷ്ടമാക്കിയത് ഷോക്കിംഗ് ഷോട്ടിൽ!! വീഡിയോ

ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ടീമിലെ സ്ഥിരം മുഖമാണ് യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. എന്നാൽ, ലിമിറ്റഡ് ഓവർ ഫോർമാറ്റിലേക്ക് വരുമ്പോൾ ഓപ്പണർമാരുടെ ആധിക്യം കാരണം ഗിൽ പലപ്പോഴും തഴയപ്പെടാറുണ്ട്. മാത്രമല്ല, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒരു വലംകയ്യൻ ബാറ്റർ ആയതിനാൽ തന്നെ, അദ്ദേഹത്തിന്റെ ഓപ്പണിങ് കോമ്പോ ആയി പലപ്പോഴും ഇടങ്കയ്യൻ ബാറ്റർമാരെ മാത്രമാണ് ടീം മാനേജ്മെന്റ് പരിഗണിക്കാറുള്ളത്, ഇത് വലംകൈയ്യൻ ബാറ്റർ ആയ ഗില്ലിന് ഒരു തിരിച്ചടിയാണ്.

എന്നാൽ, പുരോഗമിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ കളിക്കാത്തത് മൂലവും, ഇടങ്കയ്യൻ ഓപ്പണർ ആയി ശിഖർ ധവാൻ എത്തിയത് കൊണ്ടും, നീണ്ട ഇടവേളക്ക് ശേഷം ലിമിറ്റഡ് ഓവർ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ ഗില്ലിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ അർദ്ധ സെഞ്ചുറി പ്രകടനവുമായി, ഗിൽ തനിക്ക് ലഭിച്ച അവസരം പ്രയോജനപ്പെടുത്തുകയും ചെയ്തു.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും മികച്ച രീതിയിൽ ആണ് ഗിൽ തന്റെ ഇന്നിംഗ്സ് തുടങ്ങിയത്. എന്നാൽ ഇന്നിംഗ്സിന്റെ 16-ാം ഓവറിൽ, ഗില്ലിന് സംഭവിച്ച ഷോട്ട് സെലക്ഷൻ തിരഞ്ഞെടുപ്പിലെ പിഴവ്, അർദ്ധ സെഞ്ച്വറിയിൽ നിന്ന് 7 റൺസ് അകലെ ഓപ്പണിങ് ബാറ്ററുടെ വിക്കറ്റ് നഷ്ടത്തിലേക്ക് നയിച്ചു.

കയ്ൽ മയേഴ്‌സിന്റെ 114 കി. മി വേഗതയുള്ള ബോൾ, ഒരു സ്കൂപ് ഷോട്ടിലൂടെ വിക്കറ്റിന് മുകളിലേക്ക് പായിക്കാനാണ് ഗിൽ ശ്രമിച്ചത്. എന്നാൽ, ഗില്ലിന്റെ ടൈമിംഗ് പിഴച്ചതോടെ, ബോൾ തിരികെ ബോളറുടെ കൈകളിലേക്ക് തന്നെ പോയി. കയ്ൽ മയേഴ്‌സ്‌ കൃത്യമായി ക്യാച്ച് എടുത്തതോടെ, ഗിൽ നിരാശയോടെ മടങ്ങി. 49 പന്തിൽ 5 ബൗണ്ടറികൾ സഹിതം 43 റൺസാണ് ഗിൽ നേടിയത്