സിംബാബ്‌വെക്ക്‌ എതിരെ സഞ്ജുവല്ല അവൻ മൂന്നാം നമ്പറിൽ എത്തണം!! നിർദേശവുമായി മുൻ താരം

ഈ ആഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിൽ ഇന്ത്യക്കായി വൺ ഡൗൺ പൊസിഷനിൽ കളിക്കേണ്ട താരത്തെ നിർദേശിച്ച് മുൻ ഇന്ത്യൻ താരം ദേവാംഗ് ഗാന്ധി. ഗാന്ധിയുടെ അഭിപ്രായത്തിൽ യുവതാരം ശുഭ്മാൻ ഗില്ലാണ് മൂന്നാം നമ്പറിൽ കളിക്കാൻ ഏറ്റവും യോഗ്യൻ.

കഴിഞ്ഞ വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിൽ ഓപ്പണറായി മികച്ച പ്രകടനം ഗിൽ പുറത്തെടുത്തിരുന്നു. ആദ്യ ഏകദിനത്തിൽ 64 റൺസും രണ്ടാം മത്സരത്തിൽ 43 റൺസും നേടിയ ഗിൽ മഴ മൂലം ഇന്ത്യയുടെ ബാറ്റിംഗ് തടസപ്പെട്ട മൂന്നാം ഏകദിനത്തിൽ 98 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം മത്സരത്തിൽ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും പരമ്പരയുടെ താരമായതും ഗിൽ തന്നെ ആയിരുന്നു.

എങ്കിലും പരിക്ക് ഭേദമായി മടങ്ങി എത്തിയ കെ എൽ രാഹുൽ, ശിഖർ ധവാന്റെ കൂടെ ഓപ്പൺ ചെയ്യാനാണ് സാധ്യത. അത് കൊണ്ട് തന്നെ ഗിൽ മൂന്നാം നമ്പറിൽ കളിക്കുകയാണ് നല്ലതെന്നാണ് ദേവാംഗ്‌ ഗാന്ധിയുടെ അഭിപ്രായം. ഗില്ലിനെ ഒരു നല്ല താരമായി ഒരുക്കിയെടുത്ത ടീം മാനേജ്മെന്റിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. എല്ലാ താരങ്ങളെയും വ്യതസ്ത പൊസിഷനുകളിൽ ഇറങ്ങാൻ പ്രാപ്തരാക്കുന്നു അവർ. ഒരുപക്ഷേ രാഹുൽ ഗെയിം ടൈം നേടിക്കഴിഞ്ഞാൽ പഴയതുപോലെ മിഡിൽ ഓർഡറിൽ കളിക്കുകയും ഗില്ലിന് ഓപ്പണർ ആയിത്തന്നെ കളിക്കാനും സാധിക്കും എന്നും താരം അഭിപ്രായപ്പെട്ടു.

സിംബാബ്‌വെ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങൾ ആണ് ഇന്ത്യ കളിക്കുന്നത്. ഓഗസ്റ്റ് 18, 20, 22 തീയതികളിൽ ആയാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും ഇന്ത്യൻ സമയം ഉച്ചക്ക് 12:45 നാണ്‌ തുടങ്ങുക. നേരത്തെ ശിഖർ ധവാൻ നായകനായി ഉള്ള ടീമിനെ ആയിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ പരിക്ക് ഭേദമായി കെ എൽ രാഹുൽ മത്സരക്ഷമത കൈവരിച്ചതോടെ രാഹുലിനെ ക്യാപ്റ്റനും ധവാനെ വൈസ് ക്യാപ്റ്റനും ആക്കിമാറ്റി ബിസിസിഐ നിയമിച്ചു.