സച്ചിൻ ടെണ്ടുൽക്കറോ വിരാട് കോഹ്ലിയോ? ശുഭ്മാൻ ഗിൽ തന്റെ ഫേവറേറ്റ് ആരെന്ന് വെളിപ്പെടുത്തുന്നു

വളരെ ചുരുങ്ങിയ മത്സരങ്ങളിൽ നിന്ന് തന്നെ ഇന്ത്യൻ ഏകദിന ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ ബാറ്റർ ആണ് ശുഭ്മാൻ ഗിൽ. സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സേവാഗ്, രോഹിത് ശർമ്മ, ഇഷാൻ കിഷൻ എന്നിവർക്ക് പിന്നാലെ ഏകദിന ഫോർമാറ്റിൽ ഡബിൾ സെഞ്ച്വറി നേട്ടം കൈവരിച്ച ഇന്ത്യൻ താരമായി മാറിയ ശുഭ്മാൻ ഗിൽ, ഏകദിന ഫോർമാറ്റിന് പുറമേ ടി20, ടെസ്റ്റ്‌ ഫോർമാറ്റുകളിലും തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിൽ അവസാനിച്ച ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 360 റൺസ് ആണ് ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടിയത്. ഇതോടെ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ, ടെസ്റ്റ്‌ ഫോർമാറ്റുകളിൽ ഭാവി ഓപ്പണർ ആരാകും എന്ന ആരാധകരുടെ കാത്തിരിപ്പിന്, ശുഭ്മാൻ ഗിൽ എന്ന ഉത്തരം ലഭിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. ഇപ്പോൾ തന്റെ ക്രിക്കറ്റ് കരിയറിൽ വഴിത്തിരിവായി മാറിയ ഇതിഹാസതാരങ്ങളെക്കുറിച്ച് ശുഭ്മാൻ ഗിൽ തുറന്നു സംസാരിക്കുകയാണ്.

സ്റ്റാർ സ്പോർട്സിന് നൽകിയ ഒരു അഭിമുഖത്തിൽ, സച്ചിൻ ടെണ്ടുൽക്കറോ വിരാട് കോഹ്ലിയോ എന്ന ചോദ്യം ശുഭ്മാൻ ഗില്ലിനോട്‌ ചോദിക്കുകയുണ്ടായി. വിരാട് കോഹ്ലി എന്നാണ് ശുഭ്മാൻ ഗിൽ ഈ ചോദ്യത്തിന് മറുപടി നൽകിയത്. അതിന്റെ വ്യക്തമായ കാരണവും ശുഭ്മാൻ ഗിൽ വിശദീകരിച്ചു. “ഞാൻ വിരാട് കോഹ്ലിയെ തിരഞ്ഞെടുക്കും. സച്ചിൻ കാരണമാണ് ഞാൻ ക്രിക്കറ്റിലേക്ക് വന്നത്,” ശുഭ്മാൻ ഗിൽ പറയുന്നു.

“എന്റെ പിതാവ് ഒരു വലിയ സച്ചിൻ ആരാധകൻ ആയിരുന്നു. എന്നാൽ, സച്ചിൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന വേളയിൽ ഒന്നും ഞാൻ ക്രിക്കറ്റിനെ വലിയ കാര്യമായി എടുത്തിരുന്നില്ല. വിരാട് കോഹ്ലിയിൽ നിന്ന് ഒരു ബാറ്റർ എന്ന നിലയിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തത്,” ശുഭ്മാൻ ഗിൽ പറഞ്ഞു. വരാനിരിക്കുന്ന ഏകദിന പരമ്പരകളിലും ശുഭ്മാൻ ഗില്ലിന് തന്റെ ഫോം നിലനിർത്താൻ സാധിച്ചാൽ, വരുന്ന ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ സ്ഥാനം അദ്ദേഹത്തിന് ഉറപ്പിക്കാം.

3/5 - (1 vote)