റൺസ്‌ സുൽത്താനായി ഗിൽ!! സച്ചിനെയും വീഴ്ത്തി മാസ്സ് റെക്കോർഡ്

സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 289 റൺസ് നേടി. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 289 എന്ന ടോട്ടലിൽ എത്തിയത്. ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ കണ്ടെത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാരായ ശിഖർ ധവാനും (40), കെഎൽ രാഹുലും (30) മികച്ച തുടക്കമാണ് നൽകിയത്.

രാഹുലിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം, ഇന്നിംഗ്സിന്റെ 15-ാം ഓവറിലാണ് ഗിൽ ക്രീസിലെത്തിയത്. പിന്നീട്, ഇഷാൻ കിഷൻ (50) മാത്രമാണ് ഗില്ലിന് കൂടുതൽ സമയം കൂട്ട് നൽകിയത്. ശേഷമെത്തിയ ഇന്ത്യയുടെ മധ്യനിര പൂർണതോതിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, ഒരറ്റത്ത് സിംബാബ്‌വെ ബോളർമാരെ നിർഭയം നേരിട്ട് ശുഭ്മാൻ ഗിൽ ക്രീസിൽ ഉറച്ചു നിന്നു.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിൽ മഴ ഗില്ലിന്റെ സെഞ്ച്വറി തട്ടിയെടുത്തിരുന്നു. ഇന്നും, ഗിൽ 98 റൺസിൽ നിൽക്കെ മഴ അല്പസമയം കളി തടസ്സപ്പെടുത്തി. എന്നാൽ പിന്നീട് മഴ തോർന്നതിന് പിന്നാലെ കളി പുനരാരംഭിക്കുകയും ചെയ്തു. പിന്നീട്, ഗിൽ സെഞ്ച്വറി പിന്നിട്ട് 111 റൺസിൽ നിൽക്കെ, ഗില്ലിന്റെ ക്യാച്ച് സിംബാബ്‌വെ താരം വിട്ടുകളഞ്ഞത് ഗില്ലിനെ തുണച്ചു. 97 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതം 130 റൺസാണ് ഗിൽ നേടിയത്.

ഇന്നിംഗ്സിന്റെ 50-ാം ഓവറിൽ ബ്രാഡ് ഇവാൻസിന്റെ ബോളിൽ ഇന്നസെന്റ് കൈയ്യക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. എന്നാൽ, 128 റൺസ് എടുത്തതോടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കരുടെ ഒരു റെക്കോർഡ് ആണ് ഗിൽ മറികടന്നത്. 1998-ൽ സച്ചിൻ സിംബാബ്‌വെയിൽ നേടിയ 127 റൺസ് എന്ന റെക്കോർഡ് മറികടന്ന ഗിൽ, ഇപ്പോൾ സിംബാബ്‌വെയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററായി മാറി.

Rate this post