സച്ചിനൊപ്പം നാണക്കേട് തലയിലായി ഗിൽ : അപൂർവ്വ റെക്കോർഡ് പിറന്നത് ഇന്നലെ!! വീഡിയോ

ഐപിഎൽ 2022-ലെ 57-ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ ഗുജറാത്ത്‌ ടൈറ്റൻസിന് തകർപ്പൻ ജയം. 62 റൺസിനാണ് ഹാർദിക് പാണ്ഡ്യയും സംഘവും കെഎൽ രാഹുലിനെയും സംഘത്തെയും അടിയറവ് പറയിപ്പിച്ചത്. ഇതോടെ, 12 കളികളിൽ 9 ജയവുമായി, പോയിന്റ് ടേബിളിൽ എൽഎസ്ജിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ടൈറ്റൻസ്, പ്ലേഓഫ് ബർത്തും ഉറപ്പിച്ചു.

പൂനെയിലെ എംഎസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത്‌ ടൈറ്റൻസിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. പവർപ്ലേ ഓവറുകളിൽ ഓപ്പണർ വ്രിദ്ധിമാൻ സാഹ (5), മാത്യു വേഡ് (10) എന്നിവരെ നഷ്ടമായ ടൈറ്റൻസിന്, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയേയും (11) അതിവേഗം നഷ്ടമായി. എന്നാൽ, ഓപ്പണർ ശുഭ്മാൻ ഗിൽ എൽഎസ്ജി ബൗളർമാർക്കെതിരെ തെല്ലും പതറാതെ ബാറ്റ് വീശിയത് ടൈറ്റൻസിന് കരുത്തായി.

20 ഓവർ പൂർത്തിയാകുന്നത് വരെ ക്രീസിൽ തുടർന്ന് ശുഭ്മാൻ ഗിൽ, 49 പന്തിൽ 7 ഫോർ ഉൾപ്പടെ 128.57 സ്ട്രൈക്ക് റേറ്റോടെ 63* റൺസ് നേടി. ഈ ഇന്നിംഗ്സോടെ സാക്ഷാൽ സച്ചിൻ ടെൻടുൽക്കറിന് മാത്രം അവകാശപ്പെടാനാകുമായിരുന്ന അപൂർവ്വ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. ഒരു ഐപിഎൽ ഇന്നിംഗ്സിൽ ഒരു സിക്സ് പോലും അടിക്കാതെ, മുഴുവൻ ഇന്നിംഗ്സും ബാറ്റ് ചെയ്ത രണ്ടാമത്തെ ബാറ്ററായി മാറിയിരിക്കുകയാണ് എൽഎസ്ജിയുടെ യുവ ഓപ്പണർ.

നേരത്തെ, സച്ചിൻ ടെൻടുൽക്കർ മുംബൈ ഇന്ത്യൻസിന് വേണ്ടി ഐപിഎൽ 2009 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഒരു സിക്സ് പോലും അടിക്കാതെ ഇന്നിംഗ്സിന്റെ 20 ഓവറും ബാറ്റ് ചെയ്തിട്ടുണ്ട്. അന്ന്, 49 പന്തിൽ 7 ഫോർ ഉൾപ്പടെ 120.40 സ്ട്രൈക്ക് റേറ്റോടെ 59* റൺസ് നേടിയിരുന്നു. മറ്റൊരു കൗതുകകരമായ കാര്യം എന്തെന്നാൽ, അന്ന് സച്ചിൻ ടെൻടുൽക്കർ ആയിരുന്നു ആ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് എങ്കിൽ, ഇന്നലെ നടന്ന മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് ശുഭ്മാൻ ഗിൽ ആണ്.