സെഞ്ച്വറി നഷ്ടമായി കട്ട കലിപ്പിലായി ഗിൽ :പുറത്തായ താരം കലിപ്പ് ഇപ്രകാരം

ഐപിഎൽ 2022ലെ പത്താം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 84 റൺസ് നേടിയതോടെ ശുഭ്മാൻ ഗിൽ തന്റെ ഏറ്റവും ഉയർന്ന ഐപിഎൽ സ്കോർ രേഖപ്പെടുത്തി. നേരത്തെ, മത്സരത്തിൽ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ, ഒരു മാറ്റത്തിനായി ആദ്യം ബാറ്റ് ചെയ്യാനാണ് താൻ നോക്കുന്നതെന്നും തന്റെ ആഗ്രഹം സഫലമായെന്നും ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ പാണ്ഡ്യ പറഞ്ഞു.

പാണ്ഡ്യയുടെ ആഗ്രഹം സഫലമാക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ഗുജറാത്ത്‌ ബാറ്റർമാരും പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ഓപ്പണർ മാത്യു വേഡിനെ (1) നഷ്ടപ്പെട്ടെങ്കിലും, മറ്റൊരു ഓപ്പണർ ബാറ്ററായ ശുഭ്മാൻ ഗിൽ ടൈറ്റൻസിന്റെ ബാറ്റിംഗ് ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. പാണ്ഡ്യയുടെ പ്രതീക്ഷകൾ ശരിവെച്ചുകൊണ്ട്, യുവ ഓപ്പണർ മനോഹരമായ രീതിയിൽ ബാറ്റ് ചെയ്തു.46 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 84 റൺസാണ് താരം നേടിയത്. ഗിൽ തന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമായി (31) മൂന്നാം വിക്കറ്റിൽ 65 റൺസ് കൂട്ടുകെട്ട് കൂട്ടിച്ചേർത്തു.

ഒടുവിൽ ഖലീൽ അഹമ്മദിന്റെ ബോളിൽ മിഡ്-ഓൺ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്തിരുന്ന അക്സർ പട്ടേലിന്റെ കൈകളിൽ അകപ്പെട്ടാണ് ഗിൽ പുറത്തായത്. വലംകൈയ്യൻ ബാറ്റർ തന്റെ കന്നി ഐപിഎൽ സെഞ്ച്വറി നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും, അത് പൂർത്തീകരിക്കാൻ കഴിയാതെ വന്നതോടെ ഗിൽ നിരാശനായി.

ഔട്ട്‌ ആയതിന് പിന്നാലെ ഗിൽ തന്റെ നിരാശ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. വായിലുണ്ടായിരുന്ന ച്വീയിംഗം തുപ്പി അതിനെ ബാറ്റ് കൊണ്ട് തട്ടിത്തെറിപ്പിച്ച ഗിൽ, ക്ഷുബിതനായി എന്തൊക്കെയോ പറയുന്നും ഉണ്ടായിരുന്നു. ഈ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ബാറ്റിംഗ് മികവ് കൊണ്ട് വിരാട് കോഹ്‌ലിയുടെ പിൻഗാമി എന്ന് വാഴ്ത്തപ്പെടുന്ന ഗിൽ, തന്റെ പെരുമാറ്റം കൊണ്ടും വിരാട് കോഹ്‌ലിയെ ഓർമിപ്പിക്കുന്നു എന്നാണ് സോഷ്യൽ മെഡിയ ഉപയോക്താക്കൾ പറയുന്നത്.