തുടർച്ചയായ രണ്ടാം സെഞ്ച്വറി; കോഹ്ലിയെ മറികടന്ന് പുതിയ റെക്കോർഡ് സ്വന്തമാക്കി ശുഭ്മാൻ ഗിൽ

ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടി. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും (34), ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യൻ ടീമിനെ മികച്ച തുടക്കം നൽകിയെങ്കിലും, പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് ആശങ്ക നൽകി.

എന്നാൽ, വിരാട് കോഹ്ലി (8), ഇഷാൻ കിഷൻ (5) എന്നിവർ അതിവേഗം മടങ്ങിയെങ്കിലും, ശുഭ്മാൻ ഗിൽ ക്രീസിൽ തന്നെ തുടരുകയായിരുന്നു. നിലവിൽ മത്സരം 33 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ്. 93 പന്തിൽ 16 ഫോറും 2 സിക്സും സഹിതം 110* റൺസ് നേടിയ ശുഭ്മാൻ ഗിൽ ഇപ്പോഴും ബാറ്റിംഗ് തുടരുകയാണ്.

ഇത് തുടർച്ചയായ രണ്ടാം ഏകദിന മത്സരത്തിലാണ് ശുഭ്മാൻ ഗിൽ സെഞ്ചുറി നേടിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കക്കെതിരായ മൂന്നാമത്തെ ഏകദിന മത്സരത്തിൽ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടിയിരുന്നു. ഇത് ശുഭ്മാൻ ഗില്ലിന്റെ ഏകദിന കരിയറിലെ മൂന്നാമത്തെ സെഞ്ച്വറി ആണ്. ഇതോടെ ഏകദിന ഫോർമാറ്റിൽ വേഗത്തിൽ 3 സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി ശുഭ്മാൻ ഗിൽ മാറി.

19 ഏകദിന ഇന്നിങ്സുകളിൽ നിന്നാണ് ശുഭ്മാൻ ഗിൽ 3 സെഞ്ചുറികൾ നേടിയിരിക്കുന്നത്. 17 ഏകദിന ഇന്നിംഗ്സുകളിൽ നിന്ന് 3 സെഞ്ച്വറികൾ തികച്ച ശിഖർ ധവാൻ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. കൂടാതെ ഏകദിന ഫോർമാറ്റിൽ 1000 റൺസും ശുഭ്മാൻ ഗിൽ തികച്ചു. പാകിസ്താന്റെ ഫഖർ സമാന് (18) ശേഷം ഏറ്റവും വേഗത്തിൽ ഏകദിന ഫോർമാറ്റിൽ 1000 റൺസ് തികച്ച ബാറ്റർ എന്ന നേട്ടവും ശുഭ്മാൻ ഗിൽ കൈവരിച്ചു. 24 ഇന്നിങ്സുകളിൽ നിന്ന് 1000 റൺസ് നേടിയ കോഹ്ലി, ധവാൻ എന്നിവരുടെ റെക്കോർഡും ശുഭ്മാൻ ഗിൽ മറികടന്നു.

5/5 - (1 vote)