കോഹ്ലി ഫോമിലേക്ക് എത്താൻ ഒരൊറ്റ വഴി 😱അയാളെ പോയി കാണൂ :നിർദേശം നൽകി ഗവാസ്ക്കർ

വെള്ളിയാഴ്ച്ച അഹമ്മദാബാദിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ, റൺസ് കണ്ടെത്താനാവാതെ പൂജ്യത്തിന് പുറത്തായ വിരാട് കോഹ്‌ലിയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബാറ്റിംഗ് ഇതിഹാസവുമായ സുനിൽ ഗവാസ്‌കർ പറഞ്ഞു. വിൻഡീസിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ 8, 18, 0 എന്നിങ്ങനെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം.

എന്നാൽ, അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി രണ്ട് അർധസെഞ്ചുറികൾ നേടിയിട്ടുണ്ടെന്നും, കോഹ്‌ലിയുടെ ഫോമിനെക്കുറിച്ച് പറഞ്ഞ ഗവാസ്‌കർ ചൂണ്ടിക്കാട്ടി. കോഹ്‌ലി ഇപ്പോൾ ഒരു മോശം അവസ്ഥയിൽ ആയിരിക്കും, പക്ഷേ അതിൽ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഗവാസ്‌കർ എടുത്തുകാണിച്ചു. “നമ്മൾ ഇപ്പോൾ ഇത്‌ ഒരു പ്രശ്നമാക്കരുത്. ഏത് ബാറ്റ്‌സ്മാനും പുറത്താകാം, അവൻ (കോഹ്‌ലി) മനുഷ്യനാണ്. അവൻ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ബാറ്റ്‌സ്മാൻ ആയതുകൊണ്ടാണ് നമ്മൾ ഇപ്പോൾ ഇത്‌ ചർച്ച ചെയ്യുന്നത് പോലും. ഞാൻ പറഞ്ഞതുപോലെ, മോശം അവസ്ഥ ആർക്കും സംഭവിക്കാം,” ഗവാസ്‌കർ പറഞ്ഞു.

കോഹ്‌ലി മോശം ഫോമിൽ എന്ന് പറയുന്നവർ രോഹിത്തിന്റെ ഫോമിനെ കുറിച്ച് സംസാരിക്കുന്നില്ല എന്നും ഗവാസ്‌കർ പറഞ്ഞു. “രോഹിത് ശർമ്മയ്ക്ക് ഇന്ന് കാര്യമായ റൺസൊന്നും നേടാനായില്ല. കഴിഞ്ഞ മത്സരത്തിലും അവന് നല്ല റൺസൊന്നും ലഭിച്ചില്ല. എന്നാൽ, അവൻ ഒരു 60 റൺസ് നേടിയിട്ടുണ്ട്. പക്ഷെ അത് ആദ്യ കളിയിലാണ്, എന്നാൽ ആരും അവനെക്കുറിച്ച് സംസാരിക്കുന്നില്ല. വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയിൽ രണ്ട് 70-കൾ നേടിയത് അങ്ങനെ പെട്ടെന്ന് മറക്കാൻ സാധിക്കില്ല,” ഗവാസ്‌കർ പറഞ്ഞു.

മത്സരത്തിൽ കോഹ്‌ലി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ, കമെന്ററി ബോക്സിൽ ഉണ്ടായിരുന്ന ഹർഷ ബോഗ്ലെ, ഇപ്പോൾ കോഹ്‌ലി താങ്കളുടെ അടുത്തേക്ക് വന്നാൽ താങ്കൾ എന്ത് നിർദേശമാണ് നൽകുക എന്ന് ഗവാസ്കറിനോട് ചോദിച്ചു. “ഞാൻ അവനോട് സച്ചിൻ ടെൻടുൽക്കറുടെ അടുക്കലേക്ക് പോകാൻ പറയും. കോഹ്ലിക്ക് നല്ല ടെക്നിക്കൽ സ്കിൽ ഉണ്ട്, എന്നാൽ നിർഭാഗ്യം അവനെ വേട്ടയാടുന്നു. ഇന്നും അവന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് നിർഭാഗ്യം കൊണ്ടാണ്,” ഗവാസ്‌കർ ബോഗ്ലെയ്ക്ക് മറുപടി നൽകി.