ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം..!!! അതും കരുത്തരായ ഓസ്ട്രേലിയൻ ടീമിൽ

1982 സെപ്തംബർ 7 ന് ജനിച്ച ജോർജ്ജ് ബെയ്‌ലി, തന്റെ 19-ാം വയസ്സിലാണ് ടാസ്മാനിയയിലൂടെ ആഭ്യന്തര ക്രിക്കറ്റ്‌ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട്, കരിയറിന്റെ നല്ലൊരു ഭാഗം പരിക്ക് കൊണ്ടുപോയെങ്കിലും, 2005/06 സീസണിൽ ടാസ്മാനിയക്കായി മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 778 റൺസ് നേടി ഗംഭീര തിരിച്ചുവരവാണ് ബെയ്‌ലി നടത്തിയത്. എന്നിരുന്നാലും, 2000-10 കാലഘട്ടം മൈക്കിൽ ക്ലാർക്, മൈക്കിൽ ഹസ്സി, റിക്കി പോണ്ടിംഗ് തുടങ്ങിയ താരങ്ങൾ ഓസ്ട്രേലിയൻ നിരയിൽ നിറഞ്ഞു നിന്നിരുന്ന കാലമായതുകൊണ്ട് തന്നെ, ജോർജ്ജ് ബെയ്‌ലിയുടെ ഓസ്ട്രേലിയൻ ടീമിലെ സ്ഥാനം അകന്നുതന്നെ നിന്നു.

2009-10 സീസണിൽ ടാസ്മാനിയയുടെ ക്യാപ്റ്റനായി നിയമിതാനയിടത്താണ് ജോർജ്ജ് ബെയ്‌ലി എന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരത്തിന്റെ കരിയർ മാറിമറിയുന്നത്. 2010-ൽ മൈക്കിൽ ക്ലാർക് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഓസ്ട്രേലിയയുടെ ഒരു ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിന്നതോടെ, ജോർജ്ജ് ബെയ്‌ലിക്ക് ഓസ്ട്രേലിയൻ ഏകദിന ടീമിലേക്കുള്ള ആദ്യ കോൾ-അപ്പ് ലഭിച്ചു. എന്നാൽ അദ്ദേഹത്തിന് ആ പരമ്പരയിൽ തന്റെ ഫസ്റ്റ് ക്യാപ് നേടാനായില്ല. തുടർന്ന്, 2010-11 സീസണിൽ ടാസ്മാനിയയെ അവരുടെ രണ്ടാം ഷെഫീൽഡ് ഷീൽഡ് വിജയത്തിലേക്ക് ബെയ്‌ലി നയിച്ചു.

ടാസ്മാനിയക്കായി ബെയ്‌ലി പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ നേതൃഗുണങ്ങൾ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിനും നിർണ്ണായകമായി. 2012-ൽ കാമറൂൺ വൈറ്റിനെ ഓസ്ട്രേലിയൻ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നീക്കം ചെയ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ്‌, ജോർജ്ജ് ബെയ്‌ലിയെ ഓസ്ട്രേലിയൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കുകയും ക്യാപ്റ്റൻ സ്ഥാനം കൊടുത്ത് ധീരമായ ഒരു നീക്കം നടത്തുകയും ചെയ്തു. ഇതോടെ, മുൻ ഓസ്ട്രേലിയൻ നായകൻ ഡേവ് ഗ്രിഗറിക്ക് ശേഷം ക്യാപ്റ്റനായി ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച താരമായി ജോർജ്ജ് ബെയ്‌ലി മാറി.

തുടർന്ന്, മികച്ച ബാറ്റിംഗ് പ്രകടനം കൂടി ദേശീയ കുപ്പായത്തിൽ ബെയ്‌ലിക്ക് പുറത്തെടുക്കാൻ സാധിച്ചതോടെ ജോർജ് ബെയ്‌ലി ഓസ്ട്രേലിയൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകമായി മാറി. ശേഷം, ഏകദിന ടീമിന്റെ ക്യാപ്റ്റൻ കൂടിയായി മാറിയ ബെയ്‌ലി, 2013-ൽ ഓസ്ട്രേലിയൻ കുപ്പായത്തിൽ ടെസ്റ്റ്‌ അരങ്ങേറ്റവും നടത്തി. പിന്നീട്, അദ്ദേഹത്തിന് തുടർച്ചയായി പരിക്കുകൾ പിടിപെട്ടതോടെ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ശേഷം, ഓസ്‌ട്രേലിയൻ ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തിന്റെ ഉയർച്ച ബെയ്‌ലിയെ സൈഡ്‌ലൈനിൽ നിർത്തി, തുടർന്ന് അന്തിമ ഇലവനിൽ ഇടം കണ്ടെത്താനുള്ള സാധ്യത മങ്ങിയതോടെ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങി.

Rate this post