ഫൈനലിൽ വിൻഡിസ് കാണും 😳😳ഇന്ത്യക്ക് ചാൻസ് ഇല്ലേ?? പ്രവചിച്ചു ക്രിസ് ഗെയ്ൽ

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്കായി കഠിന പരിശീലനം തുടരുകയാണ് എല്ലാ ടീമുകളും. ഈ വർഷത്തെ ടൂർണമെന്റ് നടക്കുന്നത് ഓസ്ട്രേലിയയിൽ വച്ചാണ്. മൊത്തം 16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റിൽ ഉയർന്ന ട്വന്റി ട്വന്റി റാങ്കിംഗ് ഉള്ള എട്ട് ടീമുകൾ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ബാക്കി എട്ട് ടീമുകൾ പങ്കെടുക്കുന്ന യോഗ്യത മത്സരങ്ങളാണ് ആദ്യം നടക്കുക. അതിൽനിന്നും മികച്ച നാല് ടീമുകൾ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടും.

ഈ വർഷത്തെ ഫൈനലിസ്റ്റുകളെ പ്രവചിച്ചു ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റിൻഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്ൽ. ‘യൂണിവേഴ്‌സ് ബോസ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച ട്വന്റി ട്വന്റി ഓപ്പണർമാരിൽ ഒരാളാണ്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്ന അദ്ദേഹം ലോകമെമ്പാടും ഉള്ള ട്വന്റി ട്വന്റി ലീഗുകളിലെ വിലപിടിപ്പുള്ള താരമാണ്.

ഗെയിലിന്റെ അഭിപ്രായം തങ്ങളുടെ വെസ്റ്റിൻഡീസ് ടീം തീർച്ചയായും ഫൈനൽ കളിക്കുമെന്നാണ്. അധികമാരും സാധ്യത കൽപ്പിക്കാത്ത ടീമിനെയാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ തുടങ്ങിയ ടീമുകളെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. ഇപ്പോഴത്തെ ടീം യുവനിരയാണ്, റസ്സൽ, പൊള്ളാർഡ്, ബ്രാവോ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ ആരുംതന്നെ ഇല്ല. എങ്കിലും ഈ ടൂർണമെന്റിലെ അപകടകാരികളായ ഒരു ടീമായി വെസ്റ്റിൻഡീസിന്‌ മാറാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയൻ ടീമിനെ പുകഴ്ത്താനും ഗെയ്ൽ മറന്നില്ല. ആരോൺ ഫിഞ്ചിന്റെ നായകത്വത്തിൽ ഇറങ്ങുന്ന ഓസ്ട്രേലിയൻ ടീമും കരുത്തരാണ്. ഈ വർഷവും കിരീടം നിലനിർത്താൻ അവർ ഉറപ്പായും ശ്രമിക്കും. അവരുടെ നാട്ടിലാണ് മത്സരങ്ങൾ നടക്കുന്നത് എന്ന അധിക ആനുകൂല്യം കൂടിയുണ്ട്. അതുകൊണ്ട് തന്നെ വെസ്റ്റിൻഡീസ് ടീമിനൊപ്പം രണ്ടാം ഫൈനലിസ്‌റ്റുകളായി ഗെയ്ൽ തിരഞ്ഞെടുത്തത് ഓസ്ട്രേലിയൻ ടീമിനെയാണ്.