ഐപിഎല്ലിൽ ‘ഗെയ്ൽ’ കൊടുങ്കാറ്റ് തിരിച്ചെത്തുന്നു ; ഐപിഎൽ തിരിച്ചുവരവിന്റെ സൂചനകൾ നൽകി ക്രിസ് ഗെയ്ൽ
ഐപിഎൽ 2022 സീസണിൽ ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ആരെയാണ് എന്ന് ചോദിച്ചാൽ, അത് യൂണിവേഴ്സ് ബോസ് എന്നറിയപ്പെടുന്ന ടി20 ഇതിഹാസം ക്രിസ് ഗെയ്ലിനെ ആണെന്നായിരിക്കും ഭൂരിഭാഗം പേരുടെയും മറുപടി.
എന്നാൽ, ആരാധകരെ സന്തോഷത്തിലും ആവേശത്തിലുമാക്കുന്ന ഒരു വാർത്തയാണ് ക്രിസ് ഗെയ്ൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.ടൂർണമെന്റിന്റെ 16-ാം പതിപ്പായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023-ൽ തന്റെ തിരിച്ചുവരവിന്റെ സൂചനയാണ് വെസ്റ്റ് ഇൻഡീസ് പവർ ഹിറ്റർ നൽകിയിരിക്കുന്നത്. 42 കാരനായ ഗെയ്ൽ, അബുദാബിയിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ 2021 ലെ ഐസിസി ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീമിനായിയാണ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചത്. എന്നാൽ, അദ്ദേഹം അവസാനമായി ടി20 ക്രിക്കറ്റ് കളിച്ചത് 2022 ഫെബ്രുവരി 18-ൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ്.
അതേസമയം, എക്കാലത്തെയും മികച്ച ഐപിഎൽ ബാറ്റ്സ്മാൻമാരിൽ ഒരാളായ ഗെയ്ൽ, ഇതിനോടകം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി), പഞ്ചാബ് കിംഗ്സ് (പിബികെഎസ്) എന്നീ മൂന്ന് ടീമുകൾക്കായി കളിച്ചിട്ടുണ്ട്. എന്നാൽ, ഐപിഎൽ 2022 മെഗാ ലേലത്തിനായി യൂണിവേഴ്സ് ബോസ് സ്വയം രജിസ്റ്റർ ചെയ്തിരുന്നില്ല, ഇത് ആരാധകരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു.
— Addicric (@addicric) March 29, 2022
എന്നിരുന്നാലും, അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു തിരിച്ചുവരവ് നടത്താൻ 42 കാരനായ ഗെയ്ൽ പദ്ധതിയിടുന്നതായി അദ്ദേഹത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് സൂചിപ്പിക്കുന്നു. ടി20 ഇതിഹാസ ബാറ്റർ തന്റെ വർക്ക്ഔട്ട് സെഷന്റെ വീഡിയോകൾ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്യുകയും, “ജോലി തുടങ്ങി!! മുന്നോട്ട് പോകാം. അടുത്ത വർഷത്തെ ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ്!” വീഡിയോക്കൊപ്പം ഗെയ്ൽ കുറിച്ചു.