ക്രിസ് ഗെയ്ൽ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു ; ഫ്രാഞ്ചൈസി ഏതാണെന്ന് വെളിപ്പെടുത്തി വിൻഡീസ് ഇതിഹാസം

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ 2009 സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാണ്. എന്നാൽ, ടി20 ക്രിക്കറ്റിലെ ഇതിഹാസ താരം ഐപിഎൽ 2022-ന് മുന്നോടിയായി ഈ വർഷം ഫെബ്രുവരിയിൽ നടന്ന മെഗാ ലേലത്തിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ, 2009-ന് ശേഷം ഗെയ്ൽ തന്റെ കരിയറിൽ ആദ്യമായി ടൂർണമെന്റിന്റെ ഭാഗമായില്ല. ഇത്‌ വലിയ ഞെട്ടലാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് സമ്മാനിച്ചത്.

എന്നാൽ, ഇപ്പോഴിതാ 42-കാരൻ അടുത്ത വർഷം ഐപിഎല്ലിലേക്ക് മടങ്ങിവരുമെന്ന് വ്യക്തമാക്കുകയും അടുത്ത സീസണിൽ താൻ ഭാഗമായി കിരീടം നേടാൻ ആഗ്രഹിക്കുന്ന രണ്ട് ഫ്രാഞ്ചൈസികളുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഐപിഎൽ ചരിത്രത്തിൽ മൂന്ന് ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുണ്ട് ഗെയ്ൽ. 2009-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ ഇടംനേടിയ അദ്ദേഹം രണ്ട് വർഷത്തെ ഇടവേളയിൽ 16 ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ച്വറികളോടെ 463 റൺസ് നേടി.

തുടർന്ന്, 2011-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായ ഗെയ്ൽ, ഫ്രാഞ്ചൈസിക്കായി 84 ഇന്നിംഗ്‌സുകളിൽ നിന്ന് 43.3 ശരാശരിയിൽ അഞ്ച് സെഞ്ചുറികളും 19 അർധസെഞ്ചുറികളും സഹിതം 3163 റൺസും നേടി. 2018 ൽ, ലേലത്തിൽ വിൽക്കപ്പെടാതെ പോയെങ്കിലും, പിന്നീട് താരത്തെ 2 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് തിരഞ്ഞെടുത്തു. 41 കളികളിൽ നിന്ന് 1339 റൺസാണ് അദ്ദേഹം ടീമിനായി നേടിയത്.

“അടുത്ത വർഷം ഞാൻ തിരിച്ചുവരും, അവർക്ക് എന്നെ വേണം! ഐപിഎല്ലിൽ, കൊൽക്കത്ത, ആർസിബി, പഞ്ചാബ് എന്നീ മൂന്ന് ടീമുകളെ ഞാൻ പ്രതിനിധീകരിച്ചിട്ടുണ്ട്. ആർ‌സി‌ബിയും പഞ്ചാബും, ആ രണ്ട് ടീമുകളിലൊന്നിനൊപ്പം ഒരു കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു. ഐ‌പി‌എല്ലിൽ പഞ്ചാബിലും ആർ‌സി‌ബിയിലും എനിക്ക് മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ വെല്ലുവിളികളെ ഞാൻ ഇഷ്ടപ്പെടുന്നു, അവയെ മറികടക്കാൻ ഇഷ്ടപ്പെടുന്നു. അതിനാൽ ഭാവിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം,” ക്രിസ് ഗെയ്ൽ പറഞ്ഞു.