യൂണിവേഴ്‌സ് ബോസിന്റെ കളികൾ ഇനി മൈതാനത്തിന് പുറത്ത് ; പരിശീലകന്റെ റോളിൽ ക്രിസ് ഗെയ്ൽ

വെസ്റ്റ് ഇൻഡീസ് സ്റ്റാർ ബാറ്റർ ക്രിസ് ഗെയ്ൽ ഇനി പരിശീലകന്റെ റോളിൽ. അടുത്ത സീസൺ മുതൽ പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഫ്രാഞ്ചൈസിയായ കറാച്ചി കിംഗ്സിന്റെ മുഖ്യ പരിശീലകനാകുമെന്ന് കഴിഞ്ഞ ദിവസം താരം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തത്. നിലവിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം നയിക്കുന്ന കറാച്ചി കിംഗ്സിന്റെ മുഖ്യ പരിശീലകനായ പീറ്റർ മൂർസ് ഒഴിയുന്നതോടെയാണ്, ക്രിസ് ഗെയ്ൽ പദവി ഏറ്റെടുക്കുക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫ്രാഞ്ചൈസി, വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തെ പരിശീലകന്റെ റോളിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട് എന്നും, ഗെയ്ൽ പദവി ഏറ്റെടുത്തു എന്നെല്ലാം വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, അത് വെറും അഭ്യൂഹങ്ങൾ ആണ് എന്നും പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോൾ, താരത്തിന്റെ സ്ഥിരീകരണം വന്നതോടെ ഊഹാപോഹങ്ങൾക്ക് അവസാനമായിരിക്കുകയാണ്.

“ഹേയ് പിഎസ്എൽ, അടുത്ത സീസണിൽ കറാച്ചി കിംഗ്സിന്റെ മുഖ്യ പരിശീലകനായി ഞാൻ ഉണ്ടാവും. ഇതിൽ ഒരു തർക്കവുമില്ല! #യൂണിവേഴ്‌സ്‌ബോസ്,” ഇതായിരുന്നു പരിശീലക പദവി ഏറ്റെടുത്തതായി സ്ഥിരീകരണം അറിയിച്ചുകൊണ്ടുള്ള വിൻഡീസ് ബാറ്ററുടെ ട്വീറ്റ്. എന്നാൽ കറാച്ചി കിംഗ്സ്, താരത്തോട് പരിശീലക റോളിനൊപ്പം, ഒരു കളിക്കാരനായും അടുത്ത സീസണിൽ ടീമിൽ ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. പക്ഷെ, ഇക്കാര്യത്തിൽ ഗെയ്ലിന്റെ ഭാഗത്ത്‌ നിന്ന് യാതൊരു പ്രതികരണവും വന്നിട്ടില്ല.

രണ്ട് തവണ ടി20 ലോകകപ്പ് ജേതാവായ ഗെയ്ൽ, വിൻഡീസ് കുപ്പായത്തിൽ 79 ടി20യിൽ നിന്ന് 1899 റൺസ് നേടിയിട്ടുണ്ട്. തന്റെ മുഴുവൻ ടി20 കരിയറിൽ, 22 സെഞ്ച്വറികൾ ഉൾപ്പടെ 445 ഇന്നിംഗ്‌സുകളിൽ നിന്ന് മൊത്തം 14,321 റൺസ് യൂണിവേഴ്‌സ് ബോസ് നേടിയിട്ടുണ്ട്. 2013 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നേടിയ 66 പന്തിൽ 175 റൺസ് എന്ന റെക്കോർഡ് സ്‌കോറാണ് താരത്തിന്റെ ഒരു ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.