ആദ്യം വിമർശനം, പിന്നാലെ പിന്തുണ ; വിരാട് കോഹ്ലിയെ വിമർശിച്ചും പിന്തുണച്ചും മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ

അഹമ്മദാബാദിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിൽ വിരാട് കോഹ്‌ലി ബാറ്റിംഗിൽ കാര്യമായ സംഭാവന നൽകാതെ പുറത്തായിരുന്നു. 4 പന്ത് നേരിട്ട കോഹ്ലിക്ക് 8 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. മത്സരത്തിൽ, അൽസാരി ജോസഫിന്റെ പന്തിൽ കെമർ റോച്ചിന്റെ കൈകളിൽ അകപ്പെട്ടാണ് കോഹ്‌ലി പുറത്തായത്.

ഇപ്പോൾ, കോഹ്ലിയുടെ ഷോട്ട് സെലെക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ രംഗത്തെത്തിയിരിക്കുകയാണ്. “കോഹ്ലിക്ക് നേരെ എതിരാളികൾ നിരന്തരം ബൗൺസറുകൾ എറിയുന്നു. ആ ബൗൺസറുകളെ ഒഴിവാക്കാൻ അവൻ പഠിക്കണം. അല്ലെങ്കിൽ ഇതുപോലെ വിക്കറ്റുകൾ നഷ്ടപ്പെടും. അവൻ ബൗൺസറുകൾക്ക്‌ നേരെ ഹൂക് ഷോട്ട് കളിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, ഈ മത്സരത്തിൽ ഹൂക് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ, പന്ത് കൂടുതൽ ബൗൺസ് ചെയ്തത് കൊണ്ട്, ബാറ്റിൽ എഡ്ജ് ചെയ്താണ് ക്യാച്ചിൽ കുടുങ്ങിയത്,” ഗവാസ്‌കർ പറയുന്നു.

“ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും കോഹ്ലിക്ക് നേരെ ബൗളർമാർ തുടർച്ചയായി ബൗൺസറുകൾ എറിയുന്ന കാഴ്ച്ച നമ്മൾ കണ്ടിരുന്നു. ഇനിയും ഇതുപോലെ വിക്കറ്റ് വെലിച്ചെറിഞ്ഞാൽ, അതിനെ ‘നോൺസെൻസ്’ എന്നെ വിളിക്കാൻ കഴിയു,” ഗവാസ്‌കർ പറഞ്ഞു. എന്നാൽ, കോഹ്ലിയും രോഹിത്തും നല്ല ബന്ധത്തിൽ അല്ല എന്നും, ഇരുവരും രണ്ട് ദിശയിലാണ് എന്നുമുള്ള മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തെ ഗവാസ്‌കർ അപ്പാടെ തള്ളിക്കളഞ്ഞു.

“കോഹ്ലിയും രോഹിത്തും ഒരു വർഷമായി നല്ല ബന്ധത്തിൽ അല്ല എന്നൊക്കെയാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, കോഹ്ലിയോ രോഹിത്തോ ഇക്കാര്യത്തിൽ ഒരു പ്രതികരണം നടത്തിയിട്ടില്ല എന്ന വസ്തുത നിലനിൽക്കെ, എന്താണ് ഈ പ്രചാരണത്തിന്റെ ഉറവിടം. കഴിഞ്ഞ മത്സരത്തിലെ ആ ഡിആർഎസ് തീരുമാനം തന്നെ ഇരുവരും നല്ല ബന്ധത്തിലാണ് എന്ന് വെളിപ്പെടുത്തുന്നു. കോഹ്‌ലി ഇപ്പോൾ ക്യാപ്റ്റൻ അല്ല എന്നെ ഒള്ളു, മികച്ച ബാറ്റ്സ്മാൻ ആണ്. ക്യാപ്റ്റൻ രോഹിത് ആയാലും, അല്ലെങ്കിൽ മറ്റാരായാലും, കോഹ്ലിക്ക് മികച്ച രീതിയിൽ കളിക്കാൻ കഴിയും,” ഗവാസ്‌കർ വിമർശിച്ചു.