സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി മോശം ; വിമർശനം ഉന്നയിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം പതിപ്പിൽ, ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ടൂർണമെന്റിൽ ഗംഭീര തുടക്കമിട്ട രാജസ്ഥാൻ റോയൽസ്, കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 4 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്ത് സുനിൽ ഗവാസ്‌കർ രംഗത്തെത്തിയത്.
യഥാക്രമം 45, 44 റൺസ് നേടിയ ഷഹബാസ് അഹമ്മദിന്റെയും ദിനേശ് കാർത്തിക്കിന്റെയും ബാറ്റിംഗ് മികവിലാണ് ചൊവ്വാഴ്ച രാജസ്ഥാൻ റോയൽസ് ആർസിബിയോട് ടൂർണമെന്റിലെ ആദ്യ തോൽവി അറിഞ്ഞത്. അതിന് പിന്നാലെയാണ്, എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റർമാരിൽ ഒരാളായി അറിയപ്പെടുന്ന ഗവാസ്‌കർ സാംസണിന്റെ ക്യാപ്റ്റൻസിയെയും ഫീൽഡ് പ്ലേസ്‌മെന്റിനെയും വിമർശിച്ച് രംഗത്തെത്തിയത്.

“നിങ്ങൾ സഞ്ജു സാംസണോട് ഈ ചോദ്യങ്ങൾ ചോദിക്കണം. ഡീപ്പ് മിഡ് വിക്കറ്റിൽ ഉണ്ടായിരുന്ന ആ ഫീൽഡറെ സാംസൺ എന്തിന് അവിടെ നിന്ന് മാറ്റി. ഇത് ദിനേശ് കാർത്തിക്കിന്റെ വീക്ക്നെസ് ആണെന്ന് അറിഞ്ഞുകൊണ്ട്, വീണ്ടും വീണ്ടും എന്തിന് ഓഫ് സ്റ്റംപിന് പുറത്തേക്ക് കളിക്കുന്നു,” ഗവാസ്‌കർ പറഞ്ഞു. “ബാറ്റിന്റെ അരികിൽ ഫീൽഡർമാരെ നിർത്തരുത്. നന്നായി ബാറ്റ് വീശിയാൽ, ഒരു ഇൻസൈഡ് എഡ്ജ് ലഭിച്ചാലും, അത് ബൗണ്ടറിയിലേക്ക് പോകും. ഫീൽഡിംഗ് സെറ്റ് ചെയ്യുന്നതിൽ വീഴ്ച്ചവരുത്തുന്നത് നല്ല ക്യാപ്റ്റൻസി അല്ല,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.
“ഇനി നിങ്ങൾക്ക് അവിടെ നിർത്താൻ പാകത്തിലുള്ള ഫീൽഡർമാർ ഇല്ലെങ്കിൽ നിങ്ങൾ ഈ മിഡിലും ലെഗിലും ബൗൾ ചെയ്യുകയാണെങ്കിൽ, ഇത്തരമൊരു പരിചയസമ്പന്നനായ ദിനേശ് കാർത്തിക്കിനെ പോലെയുള്ള ഒരു ബാറ്റ്സ്മാനെ, അത് കുറച്ചെങ്കിലും കുഴപ്പിക്കുമായിരുന്നു,” മുൻ ഇന്ത്യൻ താരം പറഞ്ഞു. പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ റോയൽസ് ഞായറാഴ്ച ലക്‌നൗ സൂപ്പർ ജയന്റ്‌സുമായി അടുത്ത മത്സരം കളിക്കും.