റിഷഭ് പന്തിനെ ഉപദേശിച്ച് മുൻ ഇന്ത്യൻ നായകൻ ; ക്യാപ്റ്റൻസിയിൽ ശ്രദ്ധ പുലർത്തുന്ന പന്തിന് ബാറ്റിംഗിൽ പിഴക്കുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ അപ്രതീക്ഷിതമായിയാണ് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ നേടിയ ക്യാപ്റ്റൻസി എത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, മൂന്നാം മത്സരത്തിൽ വിജയം നേടി ഇന്ത്യയും വിജയവഴിയിൽ എത്തിയിട്ടുണ്ട്. മാത്രമല്ല, റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെ സംബന്ധിച്ച് പൊതുവേ ക്രിക്കറ്റ് വിദഗ്ധർർക്കിടയിൽ നല്ല അഭിപ്രായമാണ്.

എന്നാൽ, ടി20 പരമ്പരയിൽ ബാറ്റുകൊണ്ട് റിഷഭ് പന്തിന് ഇതുവരെ തിളങ്ങാനായിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് 29, 6, 5 സ്‌കോറുകളാണ് റിഷഭ് പന്തിന്റെ സമ്പാദ്യം. ഇപ്പോൾ, പന്തിന്റെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ രംഗത്തെത്തിയിരിക്കുകയാണ്. ബാറ്റിംഗിനെ റിഷഭ് പന്ത് കൂടുതൽ സീരിയസായി കാണണമെന്നാണ് ഗവാസ്കർ അഭിപ്രായപ്പെടുന്നത്.

“ശരിയാണ്, റിഷഭ് ഇപ്പോൾ ഇന്ത്യയുടെ ക്യാപ്റ്റനാണ്. അതുകൊണ്ട് അവൻ എതിർ ടീമിന്റെ ബൗളർമാരുടെയും ബാറ്റർമാരുടെയും കളിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. അതിനാൽ, അവൻ സ്വന്തം ബാറ്റിംഗിൽ എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ടൊ എന്ന് പരിശോധിക്കാൻ മറക്കുന്നു. അതാണ് അയാൾ ഇരുന്ന് ചിന്തിക്കേണ്ടത്. ഇപ്പോൾ, ഇന്ത്യ വിജയിച്ചത് പന്തിന് അൽപ്പം ആശ്വാസം നൽകും. ഇനി 2 കളികളുണ്ട്, തന്റെ ബാറ്റിംഗിനെക്കുറിച്ച് പന്ത് ഇപ്പോൾ ചിന്തിക്കേണ്ടതുണ്ട്,” ഗവാസ്‌കർ പറഞ്ഞു.

“‘ഈ ഡെലിവറി നേരിട്ടാൽ ഞാൻ പുറത്താകുമോ? ഈ ബോൾ എന്റെ പരിധിയിൽ വരുമോ? ഓഫ്-സൈഡ് ഷോട്ടുകൾ മികച്ചതാണോ? ഓൺ-സൈഡിൽ കളിക്കുന്നത് മാത്രമാണോ ഞാൻ നോക്കേണ്ടത്? എനിക്ക് എന്റെ ശക്തിയും എന്റെ സമയവും ഉപയോഗിക്കാനാകുമോ? എനിക്ക് അത് നേരെ അടിക്കാൻ കഴിയുമോ? അല്ലെങ്കിൽ ഞാൻ അധിക കവറിനു മുകളിലൂടെ അടിക്കണോ?’ ഇത്തരം ചോദ്യങ്ങളെല്ലാം പന്ത് ചിന്തിക്കേണ്ടതുണ്ട്. ടി20-യിൽ സിക്സുകൾ അടിക്കാൻ ശ്രമിക്കുന്നത് പോലെ തന്നെ, അപകടകരമായ ഷോട്ടുകൾ ഒഴിവാക്കാനും പഠിക്കണം,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.