സച്ചിന്റെ റെക്കോർഡ് അവൻ മറികടക്കുമോ 😱😱ഉത്തരം നൽകി സുനിൽ ഗവാസ്ക്കർ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ടിന് സാധിക്കുമൊ എന്ന് സംബന്ധിച്ച് ക്രിക്കറ്റ്‌ ലോകത്ത് ചർച്ചകൾ ഉയരുന്നതിന്റെ ഭാഗമായി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കറും തന്റെ അഭിപ്രായം വ്യക്തമാക്കി. സച്ചിന്റെ റെക്കോർഡ് മറികടക്കാൻ റൂട്ടിന് കുറച്ചധികം പരിശ്രമിക്കേണ്ടിവരും എന്നാണ് ഗവാസ്‌കർ പറയുന്നത്.

ഏപ്രിലിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിന് ശേഷം, ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ റൂട്ട് മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്. പുറത്താകാതെ 115 റൺസുമായി ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച ശേഷം, നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ റൂട്ട് ന്യൂസിലൻഡിനെതിരെ 176 റൺസ് നേടി.

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ, തന്റെ ടെസ്റ്റ്‌ കരിയറിൽ 10191 റൺസ് രേഖപ്പെടുത്തിയ ജോ റൂട്ട് ഗവാസ്‌കറെയും (10122), പാക്കിസ്ഥാന്റെ യൂനിസ് ഖാനെയും (10099) മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരുടെ പട്ടികയിൽ 12-ാം സ്ഥാനത്തേക്ക് ഉയർന്നു. 119 ടെസ്റ്റുകളിൽ നിന്ന് 50.20 ശരാശരിയിൽ 53 അർധസെഞ്ചുറികളും 27 സെഞ്ചുറികളും ഉൾപ്പെടെ 10191 റൺസാണ് റൂട്ടിന്റെ സമ്പാദ്യം. വരും വർഷങ്ങളിൽ സച്ചിന്റെ 15,921 ടെസ്റ്റ് റൺസ് മറികടക്കാൻ ജോ റൂട്ടിന് കഴിയുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ പറാഞ്ഞിരുന്നു. എന്നാൽ, റൂട്ടിന് മതിയായ സമയം ഉണ്ടെങ്കിലും സ്‌കോറിംഗ് നിരക്കും നാഴികക്കല്ല് കൈവരിക്കാനുള്ള ഊർജവും നിലനിർത്തേണ്ടതുണ്ടെന്ന് ഗവാസ്‌കർ വിശ്വസിക്കുന്നു.

“അതൊരു (സച്ചിന്റെ റെക്കോർഡ്) മറികടക്കാനാകാത്ത റെക്കോർഡാണ്, കാരണം നമ്മൾ ഏകദേശം 6000 റൺസിനെക്കുറിച്ചാണ് സംസാരിക്കുന്നത്, അതിനർത്ഥം അടുത്ത 8 വർഷത്തിനുള്ളിൽ റൂട്ടിന് അവിടെയെത്താൻ പ്രതിവർഷം ഏകദേശം 1000 റൺസോ 800 റൺസോ നേടേണ്ടി വരും. ജോ റൂട്ടിന് തന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ പ്രായമുണ്ട് (31 വയസ്സ്). ഇപ്പോഴുള്ള ആവേശം നിലനിർത്തി മുന്നോട്ടുപോകാൻ കഴിയുമെങ്കിൽ അയാൾക്ക് തീർച്ചയായും (റെക്കോർഡ് തകർക്കാൻ) കഴിയും. പക്ഷേ മാനസികമായും ശാരീരികമായും അവന് കരുത്തുണ്ടാവണം. കളിയിൽ എന്തും സാധ്യമാണ്, (ഇത്) അസാധ്യമല്ല, പക്ഷേ വളരെ ബുദ്ധിമുട്ടാണ്,” ഗവാസ്‌കർ പറഞ്ഞു.