ലോകകപ്പിൽ അവന്റെ നാളുകൾ :പ്രവചിച്ച് മുൻ ഇന്ത്യൻ താരം ഗവാസ്‌ക്കർ

പരിക്ക് മൂലം ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് പുറത്തുപോയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഭാവിയെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. പരിക്കിനെ തുടർന്ന് ബൗളിങ്ങിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയും, പിന്നീട്, ബൗൾ ചെയ്യാത്ത ഓൾറൗണ്ടർ ഇന്ത്യൻ ടീമിന് ബാധ്യതയാണ് എന്ന് മുൻ താരങ്ങൾ ഉൾപ്പടെയുള്ളവർ വിമർശിച്ച സാഹചര്യത്തിൽ പരിക്ക് പേതമാവുന്നത് വരെ ടീമിൽ നിന്ന് പുറത്ത് നിൽക്കാൻ ഹാർദിക് സ്വയം തീരുമാനിക്കുകയായിരുന്നു.

ഇപ്പോൾ, പുതിയ ഐപിഎൽ ഫ്രാഞ്ചൈസിയായ ഗുജറാത്ത്‌ ടൈറ്റൻസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റതിന് പിന്നാലെ, ഐപിഎല്ലിൽ ടൈറ്റൻസിന്റെ ആദ്യ മത്സരത്തിൽ ബൗളിംഗും ആരംഭിച്ചിരിക്കുകയാണ് ഹാർദിക്. ഈ സാഹചര്യത്തിലാണ്, ഹാർദിക് പാണ്ഡ്യക്ക് ഐപിഎല്ലിൽ മികച്ച രീതിയിൽ ബൗൾ ചെയ്യാൻ സാധിക്കുകയും അദ്ദേഹം അത് തുടരുകയും ചെയ്യുകയാണെങ്കിൽ, ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവും വരാനിരിക്കുന്ന ടി20 ലോകകപ്പിലെ സ്ഥാനവും സംബന്ധിച്ച് തനിക്ക് പ്രതീക്ഷയുണ്ട് എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു.

ഐപിഎല്ലിൽ ബൗളറായിയുള്ള ഹാർദിക്കിന്റെ തിരിച്ചുവരവിൽ സുനിൽ ഗവാസ്‌കർ സന്തുഷ്ടനാണ്. മാത്രമല്ല, പാണ്ഡ്യയുടെ ബാറ്റിംഗ് കഴിവുകളെക്കുറിച്ച് യാതൊരു സംശയവുമില്ലാത്തതിനാൽ, ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള ഒരു ‘ഓട്ടോമാറ്റിക് സെലക്ഷൻ’ ആകും ഹാർദിക് എന്ന് ഗവാസ്‌കർ വിശ്വസിക്കുന്നു.

“ഹാർദിക് പാണ്ഡ്യ മികച്ച രീതിയിൽ ബൗൾ ചെയ്യുമോ, എത്ര ഓവർ എറിയും എന്നതെല്ലാം ഗുജറാത്ത് ടൈറ്റൻസ് മാത്രമല്ല, ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന കാര്യമായിരിക്കും. കാരണം, അവന്റെ ബാറ്റിംഗ് മികവിൽ ആർക്കും ഒരു സംശയവുമില്ല, അതുകൊണ്ട് തന്നെ അവൻ നന്നായി ബൗൾ ചെയ്യാൻ തുടങ്ങിയാ, തീർച്ചയായും അവൻ ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഒരു ഓട്ടോമാറ്റിക് സെലക്ഷൻ ആയി മാറും,” ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.