ഇന്ത്യക്ക് അവൻ പ്രശ്നം സൃഷ്ടിക്കും 😳😳😳പാക് ടീമിന് ആ ആശങ്ക ഇല്ല :തുറന്ന് പറഞ്ഞ് ഗവാസ്ക്കർ

ഞായറാഴ്ച ഒക്ടോബർ 23ന് പാക്കിസ്ഥാനെ നേരിട്ടാണ് ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നര മുതലാണ് മത്സരം. തങ്ങളുടെ ഒന്നാം നമ്പർ പേസർ ജസ്പ്രീത് ബൂംറയുടെയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ.

മറിച്ച് പാക്കിസ്ഥാൻ നിരയിലാകട്ടെ പരുക്കുമൂലം ഏഷ്യ കപ്പ് നഷ്ടമായ ഷഹീൻ ഷാ അഫ്രീദി ലോകകപ്പിന് മുമ്പായി കായികക്ഷമത വീണ്ടെടുത്തതിന്റെ ആശ്വാസത്തിലാണ്. പാക്കിസ്ഥാൻ ടീമിന്റെ ഒരു തലവേദന ഇപ്പോൾ ഒഴിഞ്ഞിരിക്കുന്നു എന്നാണ് അഫ്രീദിയുടെ മടങ്ങിവരവിനെക്കുറിച്ച് മുൻ ഇന്ത്യൻ ഇതിഹാസ താരവും ഇപ്പോൾ കമന്റേറ്ററുമായ സുനിൽ ഗാവസ്കർ പറഞ്ഞിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ വച്ചാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കാൽമുട്ടിന് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള മത്സരത്തിന് മുമ്പായി അദ്ദേഹം കായികക്ഷമത വീണ്ടെടുക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ ആ ആശങ്കകളെയെല്ലാം കാറ്റിൽ പറത്തി അഫ്ഗാനിസ്ഥാന് എതിരെ നടന്ന സന്നാഹമത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ന്യൂബോളിൽ പന്തെറിഞ്ഞു രണ്ട് അഫ്ഗാൻ ഓപ്പണർമാരെയും പുറത്താക്കിയത് അദ്ദേഹമായിരുന്നു. താരത്തിന്റെ യോർക്കർ കാലിൽകൊണ്ട് പരുക്കേറ്റ ഓപ്പണർ ഗുർബാസിനെ തോളിൽ ചുമന്നാണ് തിരികെ കൊണ്ടുപോയത്.

അദ്ദേഹത്തിന് പൂർണ്ണ ഫിറ്റ്നസ് ഉണ്ടാകുമോ, നന്നായി എറിയാൻ കഴിയുമോ എന്നൊക്കെയായിരുന്നു എല്ലാവരും ഭയപ്പെട്ടത് എന്നുപറഞ്ഞ ഗാവസ്കർ, അഫ്ഗാനിസ്ഥാന് എതിരായ മത്സരത്തിലൂടെ അദ്ദേഹം സമ്പൂർണ ഫിറ്റ്നസ് തെളിയിച്ചിരിക്കുകയാണ് എന്നും വ്യക്തമാക്കി. അതുപോലെ തന്നെ ആദ്യ സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിന് എതിരെ കളിച്ച കളിയെവച്ച് നോക്കുമ്പോൾ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് എതിരെ ഫീൽഡിംഗിലും ക്യാച്ചുകൾ എടുക്കുന്നതിലും പാക്കിസ്ഥാൻ താരങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തി എന്നും ഗാവസ്കർ പറഞ്ഞു.